എന്തുകൊണ്ട് നായ് പ്രേമം? സംശയം മരുന്ന് മാഫിയയെ

കൊച്ചി: ‘പക്ഷിപ്പനിയുടെ കാലത്ത് താറാവിനെ കൂട്ടത്തോടെ കൊന്നപ്പോള്‍ ചോദിക്കാന്‍ ആളുണ്ടായില്ല; മദമിളകിയ ആനകളെ വെടിവെച്ച് കൊല്ലുമ്പോഴും ആരും എതിര്‍ക്കുന്നില്ല. നാട്ടിലിറങ്ങുന്ന പുലിയെയും കടുവയെയും വെടിവെച്ച് കൊല്ലുമ്പോഴും ആര്‍ക്കും എതിര്‍പ്പില്ല. എന്തേ പേപ്പട്ടിയെ കൊല്ലുന്നതില്‍ മാത്രം എതിര്‍പ്പ്?’ സമൂഹത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ചോദ്യമാണിത്. ഉത്തരവും അവര്‍ തന്നെ പറയുന്നു. പേവിഷത്തിനുള്ള മരുന്നില്‍ നിന്നുള്ള ലാഭം. തെരുവുനായ് സംരക്ഷണ വാദം ശക്തമാകുന്നതിനിടെ സംശയമുന നീളുന്നത് മരുന്ന് മാഫിയയിലേക്ക്.

രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ മരുന്ന് കമ്പനി മേധാവികള്‍ പങ്കെടുത്ത ചടങ്ങില്‍ പേവിഷ മരുന്ന് രംഗത്ത് ലോകത്തെ ഏറ്റവും പ്രധാന വിപണി ഇന്ത്യയാണെന്ന് അമേരിക്കന്‍ മരുന്ന് കമ്പനി വക്താവ് തുറന്ന് സമ്മതിച്ചിരുന്നു. അന്ന് 104 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ (ഏകദേശം 6750 കോടി രൂപ) പേവിഷ മരുന്ന് വില്‍പന പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നുവെന്നാണ് വ്യക്തമാക്കിയത്. ഇന്ന് അത് എണ്ണായിരം കോടിയുടേതായി വര്‍ധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വിറ്റഴിയുന്ന പേവിഷ മരുന്നില്‍ പകുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും ബാക്കി സ്വകാര്യ ആശുപത്രികളിലുമാണ് ചെലവാകുന്നത്. മൂന്ന് പ്രമുഖ കമ്പനികളാണ് ഇന്ത്യയില്‍ പേവിഷ പ്രതിരോധ മരുന്ന് വില്‍പന നിയന്ത്രിക്കുന്നത്. ലോകത്തെ പേവിഷ ബാധ മരണങ്ങളുടെ 40 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടി ആളുകള്‍ക്ക് നായ കടിയേല്‍ക്കുന്നുണ്ട്.

സമയത്ത് ചികിത്സ കിട്ടാതെ ശരാശരി 20,000 പേര്‍ മരിക്കുന്നുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം പേര്‍ക്കാണ് തെരുവുനായ്യുടെ കടിയേറ്റത്.  കടിയേറ്റാല്‍ പേബാധയില്ളെങ്കില്‍ പോലും 24 മണിക്കൂറിനകം ആന്‍റി റാബീസ് വാക്സിനെടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പേ നായ് ആണെങ്കില്‍ ഉടന്‍ വാക്സിനെടുക്കണം. സ്വകാര്യവിപണിയില്‍ ഇതിന്‍െറ ഒരുപാക്കേജിന് മൂവായിരം രൂപവരെയാണ് ചെലവ്.

കടിച്ച നായ്ക്ക് പേയുണ്ടെന്ന് വ്യക്തമായാല്‍ ഇമ്യുണോ ഗ്ളോബുലിന്‍ ചികിത്സയാണ് നല്‍കുന്നത്. ഇതിന്‍െറ ഒരു ഡോസിന് 1780 രൂപമുതലാണ് തുടങ്ങുന്നത്. കടിയുടെ മാരക സ്വഭാവത്തിന് അനുസരിച്ച് ചികിത്സാ ചെലവ് ലക്ഷങ്ങള്‍ കടക്കും. മാത്രമല്ല, പലര്‍ക്കും ചികിത്സയുടെ ഭാഗമായി വിവിധ വൈകല്യങ്ങളും ഉണ്ടാകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.