തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും അധ്യാപകരാവുന്നു!. ഇക്കൊല്ലത്തെ അധ്യാപകദിനത്തിലാവും ഇവര്‍ സ്കൂളുകളില്‍ ക്ളാസെടുക്കുക. അധ്യാപകദിനം പുതുമകളോടെ ആഘോഷിക്കുന്നതിന്‍െറ ഭാഗമായാണിത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍േറതാണ് തീരുമാനം.
‘ജീവിതശൈലി’യാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ വിഷയം. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ പത്തിന് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലാണ് പരിപാടി. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, ഡോ. കെ.ടി. ജലീല്‍ എന്നിവരും ഇതേ സ്കൂളില്‍ ക്ളാസുകളെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, അലസത, ജീവിതശൈലീരോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവയായിരിക്കും വിഷയങ്ങള്‍. കുട്ടികളില്‍ ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. എല്ലാമന്ത്രിമാരും എം.എല്‍.എമാരും ഏതെങ്കിലും സ്കൂളില്‍ ക്ളാസെടുക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ ക്ളാസെടുത്താകും സ്കൂള്‍തല ഉദ്ഘാടനം നടക്കുക.
നേരത്തെ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്കൂളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്ളാസെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അട്ടക്കുളങ്ങര സ്കൂള്‍ അടച്ചുപൂട്ടി അവിടെ ബസ്സ്റ്റാന്‍ഡും വാണിജ്യകേന്ദ്രവും സ്ഥാപിക്കാനായിരുന്നു പരിപാടി. എന്നാല്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഈ സ്കൂള്‍ നിലനിര്‍ത്താനായത്.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
നവംബര്‍ ഒന്നിന് കേരളത്തെ തുറസായ സ്ഥലത്ത് മലമൂത്ര വിസർജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കും. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്ക് തല റാങ്കിങ്ങിന് പകരം സംസ്ഥാനതല റാങ്കിങ് നടത്തും. താലൂക്ക് തല റാങ്കിങ് നടത്തി കരട് മുന്‍ഗണന/മുന്‍ഗണന ഇതര പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്ന് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 154,80,040 (ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്പത്) പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്.
താലൂക്ക്തല റാങ്കിംങ് പ്രകാരം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നോക്ക പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനതല റാങ്കിങ് സഹായിക്കും.
2012ലെ തദ്ദേശ ഭരണവകുപ്പിന്‍റെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, തുടങ്ങിയര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാക്രമത്തിൽനിന്ന് ഒഴിവാകും. ഈ മാനദണ്ഡ പ്രകാരം ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ പട്ടികയില്‍ നിന്നും പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമായി നടത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ കുറഞ്ഞത് രണ്ട് സര്‍ക്കാർ വക സംഭരണശാലകള്‍ നിര്‍മിക്കും. റേഷന്‍ മൊത്തവ്യാപാരശാലകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി സപ്ലൈകോയെ എൽപിക്കും. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഗോഡൗണുകള്‍ ലഭ്യമല്ലാത്തതിനാല്‍, നിലവില്‍ സംഭരണശാലകള്‍ കൈവശമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും റേഷന്‍ മൊത്തവ്യാപാരികളുമായും ചര്‍ച്ച നടത്തി, മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഗോഡൗണുകള്‍ ഏറ്റെടുത്ത് സര്‍ക്കാർ തലത്തില്‍ നടത്തും. ഒപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോഡൗണുകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ഗോഡൗണുകള്‍ ലഭ്യമാകുന്ന മുറക്ക് സ്വകാര്യ ഗോഡൗണുകളെ ഒഴിവാക്കും. റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി വിതരണം മുഖേന റേഷന്‍ കടകളില്‍ എത്തിക്കുന്നതിന്‍റെ മേല്‍നോട്ടം സപ്ലൈകോയെ ഏൽപിക്കും. മൊത്തത്തിലുള്ള പൊതുവിതരണ പ്രക്രിയ ഇലക്ട്രോണിക്കായി നിരീക്ഷിക്കാനുതകുന്ന സോഫ്റ്റ്വെയര് എന്‍.ഐ.സി. വികസിപ്പിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.