ഐ.എ.വൈ: പൂര്‍ത്തിയാവാതെ 63,813 വീടുകള്‍

മാനന്തവാടി: ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ (ഐ.എ.വൈ) മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 1,50,363 വീടുകള്‍. ഇതില്‍ 63,813 വീടുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായില്ല. അനുവദിക്കുന്ന തുക നിര്‍മാണ ചെലവുകള്‍ക്ക് തികയാത്തതാണ് വീടുകള്‍ പാതിവഴിയിലാകാന്‍ കാരണം.
2013-14 വര്‍ഷത്തില്‍ കേരളത്തില്‍ 44,031 വീടുകള്‍ അനുവദിച്ചപ്പോള്‍ 33,124 വീടുകളാണ് പൂര്‍ത്തിയായത്.

10,907 വീടുകള്‍ ഇപ്പോഴും പാതിവഴിയിലാണ്. 2014-15ല്‍ 50,129 വീടുകള്‍ അനുവദിച്ചപ്പോള്‍ ഇതില്‍ 32,126 വീടുകള്‍ പൂര്‍ത്തിയാവുകയും 18,003 വീടുകളുടെ നിര്‍മാണം നിലക്കുകയും ചെയ്തു. 2015-16 വര്‍ഷത്തില്‍ 56,203 വീടുകളാണ് സംസ്ഥാനത്തിനനുവദിച്ചത്. ഇതില്‍ നിലവില്‍ 21,300 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. അനുവദിക്കപ്പെട്ട വീടുകളില്‍ മൂന്നാം ഗഡു കൈപ്പറ്റിയത് 21,290 പേര്‍ മാത്രമാണ്.

തുടക്കത്തില്‍ 75,000 രൂപയായിരുന്നു ഐ.എ.വൈ വീടുകള്‍ക്ക് അനുവദിച്ചിരുന്നത്. നിലവില്‍ രണ്ടു ലക്ഷം രൂപയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 70,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപയും ബാക്കി തുക ത്രിതല പഞ്ചായത്തുകളുമാണ് നല്‍കുന്നത്. പുറമെ എസ്.സി വിഭാഗത്തിന് ഒരു ലക്ഷവും പട്ടികവര്‍ഗക്കാര്‍ക്ക് 50,000 രൂപയും അതത് വകുപ്പുകളും നല്‍കുന്നു.

അതിനിടെ, പദ്ധതിയുടെ പേര് പ്രധാനമന്തി ആവാസ് യോജന എന്നാക്കി മാറ്റുന്നതിന്‍െറ ഭാഗമായി നിലവില്‍ പൂര്‍ത്തിയാകാത്ത വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ജോ. സെക്രട്ടറി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 25 ആണ് അതിന്‍െറ അവസാന തീയതി. പണി പൂര്‍ത്തിയാകാത്ത വീടുകള്‍ ഈ വര്‍ഷാവസാനത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.