കുരുക്കഴിയാതെ മലയോര കര്‍ഷകരുടെ പട്ടയപ്രശ്നം

പത്തനംതിട്ട: 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ച് രണ്ടു പതിറ്റാണ്ടിലേറെ പിന്നിടുമ്പോഴും കുരുക്കഴിയാതെ പട്ടയ പ്രശ്നം. പത്തനംതിട്ട, ഇടുക്കി, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കുടിയേറ്റക്കാരുടെ 28588.159 ഹെക്ടര്‍ വനഭൂമിക്ക് പട്ടയം നല്‍കാന്‍ 1993 മാര്‍ച്ചിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.

വനം വകുപ്പ് കണക്കുപ്രകാരം 34255.6135 ഹെക്ടറിലാണ് 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറ്റം നടന്നതെങ്കിലും വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി കേന്ദ്രത്തില്‍ അനുമതി തേടിയത് 28588.159 ഹെക്ടറിന് മാത്രമാണ്. 5667.4545 ഹെക്ടറിലെ കുടിയേറ്റക്കാരുടെ കാര്യത്തില്‍ പിന്നീടൊരു നീക്കവുമുണ്ടായില്ല. 1993ല്‍ അനുമതി നല്‍കുമ്പോള്‍ നിര്‍ദേശിച്ച ഇരട്ടി സ്ഥലത്തെ ബദല്‍ വനവത്കരണം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതിനാല്‍ ഈ പ്രശ്നത്തില്‍ ഇനിയും കേന്ദ്രത്തെ സമീപിക്കാനുമാവില്ല. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. കേന്ദ്രാനുമതി ലഭിച്ചതില്‍ 20363.6135 ഹെക്ടറും ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളാണ്.

1977 ജനുവരി ഒന്നിന് മുമ്പുള്ളവരുടെ പട്ടയപ്രശ്നം സങ്കീര്‍ണമായി തുടരുന്നതിനിടെയാണ് 1977ന് ശേഷമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവ്. പെരിയാര്‍ കടുവാ സങ്കേതം, വന്യജീവി സങ്കേതങ്ങള്‍ എന്നിവടങ്ങളിലും 1977നു ശേഷമുള്ള കൈയേറ്റങ്ങളുണ്ട്. വനംവകുപ്പ് കണക്കുപ്രകാരം 11917.8951ഹെക്ടറിലാണ് 1977ന് ശേഷം കൈയേറ്റമുള്ളത്. കൂടുതല്‍ മൂന്നാര്‍ വനം ഡിവിഷനിലാണ് -3188.6828 ഹെക്ടര്‍. മറ്റു ഡിവിഷനുകളിലെ കൈയേറ്റങ്ങള്‍ ഹെക്ടര്‍ കണക്കിന് ഇപ്രകാരമാണ്, കോന്നി -135.6853, റാന്നി -627.7805, തിരുവനന്തപുരം -0.6200, തെന്മല -8.4310, കോട്ടയം -149.4605, കോതമംഗലം -698.6850, മാങ്കുളം -389.1938, മലയാറ്റൂര്‍ -148.6954, തൃശൂര്‍ -335.0113, നെന്മാറ -251.9461, പാലക്കാട് -57.6554, മണ്ണാര്‍ക്കാട് -2789.2233, നിലമ്പൂര്‍ സൗത് -4.7816, നിലമ്പൂര്‍ നോര്‍ത് -713.3659, കോഴിക്കോട് -123.3301, വയനാട് സൗത് -1259.2606, വയനാട് നോര്‍ത് -271.7400, കണ്ണൂര്‍ -12.7484, ഇടുക്കി വന്യജീവി സങ്കേതം -അഞ്ച്, പെരിയാര്‍ കടുവാ സങ്കേതം -0.00061, പീച്ചി വന്യജീവി സങ്കേതം -193.0155, വയനാട് വന്യജീവി സങ്കേതം -550.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.