റാഗിങ്: ഗുരുതര പരിക്കോടെ വിദ്യാര്‍ഥി ആശുപത്രിയില്‍


ചങ്ങരംകുളം (മലപ്പുറം): സ്വകാര്യ ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങ്ങിന്‍െറ പേരില്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ആലങ്കോട് സ്വദേശി കൊടായിക്കല്‍ സുബ്രഹ്മണ്യന്‍െറ മകന്‍ സന്ദീപിനെ (19) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപ് തിങ്കളാഴ്ച സ്ഥാപനത്തില്‍ വന്ന സമയത്ത് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ബാത്ത്റൂം കഴുകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാത്തതിന് മര്‍ദിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച എത്തിയപ്പോഴും ബാത്ത്റൂം കഴുകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൂട്ടമായി മര്‍ദിക്കുകയായിരുന്നെന്നാണ് സഹോദരന്‍ ചങ്ങരംകുളം പൊലീസിനും സ്ഥാപന അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
ബാത്ത്റൂം കഴുകാതിരുന്നപ്പോള്‍ വെള്ളം ശരീരത്തിലൊഴിക്കുകയും പറഞ്ഞത് അനുസരിച്ചില്ളെങ്കില്‍ പഠനം തുടരാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മര്‍ദനത്തില്‍ കൈയിന്‍െറ എല്ലിന് പൊട്ടലേറ്റു. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ നടത്തി കൈയില്‍ സ്റ്റീല്‍ സ്ഥാപിക്കണമെന്ന് സഹോദരന്‍ പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചങ്ങരംകുളം അഡീഷനല്‍ എസ്.ഐ ബേബി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.