വൈപ്പാര്‍ പദ്ധതി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേരളത്തിനു പിടിവള്ളി

പത്തനംതിട്ട: പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം തിരിച്ചുവിട്ട് തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനു വിദഗ്ധ സമിതി റിപ്പോര്‍ട്ട് തിരിച്ചടിയാകുന്നു. നദീ സംയോജനം പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്‍ ആസൂത്രണ കമീഷന്‍ അംഗം ഡോ. മിഹിര്‍ഷാ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിമാലയന്‍ നദികളെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്കു തിരിച്ചുവിടുന്ന വലിയ പദ്ധതികളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നതെങ്കിലും കേരളത്തിനും ഇതു പിടിവള്ളിയാകും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാമെന്നാണ് ഏറ്റവും അവസാനം കേന്ദ്രം വ്യക്തമാക്കിയിരുന്നത്. പമ്പ-അച്ചന്‍കോവില്‍ നദികളില്‍നിന്നായി 22 ടി.എം.സി (1000 ദശലക്ഷം) ഘനയടി വെള്ളം കിഴക്കോട്ട് തിരിച്ചുവിടണമെന്ന് തമിഴ്നാട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഇതിനായി അതിര്‍ത്തിയിലെ മേക്കരയില്‍ അണക്കെട്ടും കനാലുകളും നിര്‍മിച്ചിട്ടുണ്ട്. ജൂണില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നദീസംയോജനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ വികസന ഏജന്‍സി യോഗത്തിലും തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

പമ്പ, അച്ചന്‍കോവിലടക്കമുള്ള നദികളിലെ വെള്ളത്തിനു തമിഴ്നാട് ആവശ്യം ശക്തമാക്കിയിരിക്കെയാണ് ഡോ. മിഹിര്‍ഷാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ തന്നെ നദീ സംയോജനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വിദഗ്ധനാണ് മിഹിര്‍ഷ. കേരളം വെള്ളം അറബിക്കടലില്‍ ഒഴുക്കുന്നുവെന്നാണ് നദീസംയോജനത്തിനായി തമിഴ്നാട് ഉന്നയിക്കുന്ന വാദം.

പമ്പ, അച്ചന്‍കോവില്‍ നദികളിലെ വെള്ളം പ്രയോജനപ്പെടുത്തുന്ന ഇരട്ടക്കല്ലാര്‍ വിവിധോദ്ദേശ്യ പദ്ധതിക്ക് കഴിഞ്ഞവര്‍ഷം മെയില്‍ വൈദ്യുതി ബോര്‍ഡ് ഭരണാനുമതി നല്‍കിയെങ്കിലും ജലസേചന വകുപ്പിന്‍റ നിസ്സഹകരണത്തെ തുടര്‍ന്നാണത്രേ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. ഇത്തരമൊരു പദ്ധതിയെ കുറിച്ച് അറിവില്ളെന്നാണ് ജലസേചന വകുപ്പ് നിലപാട്.

അച്ചന്‍കോവില്‍-കല്ലാര്‍, പമ്പ-കല്ലാര്‍ എന്നിവിടങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് 60 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിക്കാനും 7045 ഹെക്ടര്‍ ആയക്കെട്ടില്‍  ജലസേചനത്തിനും 13955 ഹെക്ടറില്‍ മൂന്നുപൂകൃഷിക്ക് വെള്ളം എത്തിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. വൈദ്യുതി ഉല്‍പാദനത്തിനുശേഷം വെള്ളം അച്ചന്‍കോവിലാറിലേക്കു തുറന്നുവിടും. കുട്ടനാട്ടിലേക്കും കായംകുളം എന്‍.ടി.പി.സിക്കും വെള്ളം ഉറപ്പുവരുത്തും. ഇതിന് 1200 ഹെക്ടര്‍ വനഭൂമി വേണ്ടിവരും. 900 ഹെക്ടര്‍ ജലസംഭരണിയില്‍ മുങ്ങുമെന്നും കണക്കാക്കുന്നു. ജലസേചന പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനവും നടത്തണം. ഇതിന് ജലസേചന വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ജലസേചന വകുപ്പ് നിലപാട് തമിഴ്നാട് വാദങ്ങള്‍ക്ക് ശക്തി പകരുന്നുവെന്നാണ് ആക്ഷേപം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.