മദ്യനയം അട്ടിമറിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ രംഗത്തുവരുന്നു -വി.എം. സുധീരന്‍

കൊച്ചി: മദ്യലോബിയുമായുണ്ടാക്കിയ ധാരണപ്രകാരം മദ്യനയം അട്ടിമറിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ രംഗത്തുവരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മദ്യനയത്തിന്‍െറ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വീടുകളിലെ സമാധാനവും സാമ്പത്തിക ശാക്തീകരണവും മറച്ചുവെക്കാനാണ് ശ്രമമമെന്നും സുധീരന്‍ പറഞ്ഞു.

കൊച്ചിയില്‍ രാജീവ് ഗാന്ധി സദ്ഭാവന ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തീരാജ്-നഗരപാലിക സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും സ്പില്‍ ഓവറായ പദ്ധതിതുക തിരികെനല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. പഞ്ചായത്തീരാജ്-നഗരപാലിക സംവിധാനത്തെ നിഷ്ഭ്രമമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. ഇതിന്‍െറ ഭാഗമായി പഞ്ചായത്തീരാജ് മന്ത്രാലയത്തെ ഇല്ലാതാക്കാന്‍ ഗുഢനീക്കം നടക്കുന്നു.

20 വര്‍ഷം മുമ്പ് നിലവില്‍വന്ന പഞ്ചായത്തീരാജ്-നഗരപാലിക നിയമങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടേണ്ട സമയമായി. ചിലയിടങ്ങളിലെങ്കിലും അനഭിലഷണീയ പ്രവണതകള്‍ ഉണ്ടെന്നും ഇത് ഇല്ലാതാക്കുക നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ തമസ്കരിക്കുകയും ഗോഡ്സെയെ മഹത്വവത്കരിക്കുകയും ചെയ്യുന്നവര്‍ ചരിത്രത്തെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച നേതാക്കളെ തമസ്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എം. സുധീരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.