അശോകവനത്തിലെ സീത

ലങ്കാദഹനം പൂര്‍ണമായെങ്കിലും സീതയെ കുടിയിരുത്തിയിരുന്ന അശോകവനത്തെ അഗ്നിദേവന്‍ കാത്തുരക്ഷിച്ചു. രാവണന്‍ ലോകത്തിലെ സുന്ദര വസ്തുക്കളില്‍ അഭിരമിച്ചിരുന്ന സൗന്ദര്യാരാധകന്‍ ആയിരുന്നു. അപ്സരസുകളെപ്പോലും ബലാല്‍ക്കാരമായി ലങ്കയെ മോടിപിടിപ്പിക്കാന്‍ രാവണന്‍ കൊണ്ടുവന്നിരുന്നു. കവിഭാവനയുടെ ഉദാത്തമായ സൃഷ്ടി എന്നു പറയാവുന്ന തരത്തിലാണ് ലങ്കയുടെ ചിത്രീകരണം. ഈ ഭൂമിയില്‍ മനുഷ്യനെ കുളിരണിയിക്കുന്ന മറ്റൊരിടം ഉണ്ടാകാനിടയില്ല.
അശോകവനത്തിലെ അത്യുന്നതമായ വൃക്ഷങ്ങളെ ലളിതകോമളമായ വല്ലികള്‍ ചുറ്റിപ്പടര്‍ന്നിരുന്നു. ദീര്‍ഘപത്രങ്ങളോടുകൂടിയ നാളികേരവൃക്ഷങ്ങളും മനോഹരമായ പുഷ്പങ്ങളും ഫലങ്ങളും നിറഞ്ഞ മറ്റുവൃക്ഷങ്ങളും ആ വനത്തെ അലങ്കരിച്ചിരുന്നു. ശാദ്വലപ്രദേശങ്ങളില്‍ ആടുമാടുകള്‍ മേഞ്ഞുകൊണ്ടിരുന്നു. വള്ളിക്കുടിലുകളില്‍ കോകിലങ്ങള്‍ കളകൂജനം പൊഴിച്ചു. പൊയ്കയിലെ താമരപ്പൂക്കള്‍ മന്ദമാരുതനെ സൗരഭ്യമുള്ളതാക്കി. കദളിവാഴത്തോപ്പിലെ സ്വര്‍ണനിറമുള്ള പഴക്കുലകളില്‍ തട്ടി സൂര്യപ്രകാശം മഞ്ഞനിറമായി ഭവിച്ചു. പ്രഭാതസൂര്യന്‍െറ രശ്മികളേറ്റ് അശോകവനം ശോണവര്‍ണമായി. ചെമ്പകപ്പൂക്കള്‍ നിറഞ്ഞ താഴ്വരകള്‍, സരസ്സുകള്‍, പാറക്കെട്ടുകള്‍, നാനാവര്‍ണ പുഷ്പങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താല്‍ ലങ്കാപുരി നന്ദനോദ്യാനത്തിന്‍െറ പ്രതീതിയുണ്ടാക്കി. ഉദ്യാനത്തിന്‍െറ മധ്യത്തില്‍ ആകാശത്തെ ചുംബിക്കുന്ന മനോഹരമായ കൊട്ടാരം സ്ഥിതിചെയ്തിരുന്നു. അതിന്‍െറ സോപാനങ്ങളില്‍ പവിഴങ്ങളും തളങ്ങളില്‍ സ്വര്‍ണത്തകിടുകളും പതിച്ചിരുന്നു.
ഈ ഉദ്യാനത്തിലാണ് ദു$ഖിതയായി വിലപിക്കുന്ന സീതയെ ഹനുമാന്‍ കണ്ടത്. കാര്‍മേഘങ്ങളാല്‍ മറയ്ക്കപ്പെട്ട ചന്ദ്രബിംബംപോലെയും ധൂമാവൃതമായ തീപ്പൊരിപോലെയും ചണ്ഡമാരുതന്‍ വീശി വാടിപ്പോയ താമരപ്പൂപോലെയും ആണ് അശ്രുധാരയില്‍ കുതിര്‍ന്ന സീതയെ ഹനുമാന്‍ കണ്ടത്. സാമദാന തന്ത്രങ്ങളിലൂടെ സീതയെ അനുനയിപ്പിക്കാനാണ് ലങ്കയുടെ ഹൃദയഭാഗത്ത് രാവണന്‍ അവളെ സുരക്ഷിതയായി പാര്‍പ്പിച്ചത്. കൗമാരത്തില്‍ വനവാസം, യൗവനത്തില്‍ രാക്ഷസഗൃഹം, ജീവിത മധ്യാഹ്നത്തില്‍ ആശ്രമജീവിതം എന്നിങ്ങനെ ഭാരതസ്ത്രീകളില്‍ ഇത്രയും പീഡാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ അധികമില്ല. ‘ഭര്‍ത്തോ രക്ഷതി യൗവനേ’ എന്ന മനുസ്മൃതി വാക്യം സീതയുടെ ജീവിതത്തില്‍ പ്രയോഗത്തില്‍ വന്നില്ല. രക്ഷക്കുപകരം ശിക്ഷയായിരുന്നു ആ സാധ്വിക്ക് കിട്ടിയ സമ്മാനം. രാമനെ ആരാധിക്കുന്നവര്‍ ഇന്നും സീതയെ മറക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.