12 ഐ.എ.എസുകാരെ മാറ്റി നിയമിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ 12 ഐ.എ.എസുകാരെ സര്‍ക്കാര്‍ മാറ്റി നിയമിച്ചു. ഗ്രാമവികസനം, ലാന്‍ഡ് റവന്യൂ വകുപ്പുകളില്‍ കമീഷണര്‍മാരുടെയും ആയുഷ് വകുപ്പില്‍ ഡയറക്ടറുടെയും ഓരോ എക്സ്-കാഡര്‍ തസ്തിക ഒരുവര്‍ഷത്തേക്ക് സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്പെഷല്‍ സെക്രട്ടറി തസ്തികക്ക് തുല്യമാണ് കമീഷണര്‍. ആയുഷ് ഡയറക്ടര്‍ തസ്തിക ജോയന്‍റ് സെക്രട്ടറിക്ക് തുല്യവും.
ഭക്ഷ്യ സിവില്‍ സപൈ്ളസ് സ്പെഷല്‍ സെക്രട്ടറി സഞ്ജയ് എം. കൗളിനെ വ്യവസായ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്. ലാന്‍ഡ് റവന്യൂ കമീഷണര്‍ എം.സി. മോഹന്‍ദാസിനെ പുതുതായി സൃഷ്ടിച്ച ഗ്രാമവികസന കമീഷണര്‍ തസ്തികയില്‍ നിയമിച്ചു. ഗ്രാമവികസന കമീഷണറായിരുന്ന എ.ടി. ജയിംസാണ് പുതിയ ലാന്‍ഡ് റവന്യൂ കമീഷണര്‍. കുട്ടനാട് പാക്കേജ്, കരിപ്പൂര്‍ വിമാനത്താവള വികസനം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനാവും. മത്സ്യവകുപ്പ് ഡയറക്ടര്‍ മിനി ആന്‍റണിയെ ഭക്ഷ്യ സിവില്‍ സപൈ്ളസ്, ഉപഭോക്തൃകാര്യ സ്പെഷല്‍ സെക്രട്ടറിയാക്കി. ഹൗസിങ് കമീഷണറും ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന എസ്. കാര്‍ത്തികേയനാണ് പുതിയ മത്സ്യവകുപ്പ് ഡയറക്ടര്‍. ലോട്ടറി ഡയറക്ടറുടെ അധികച്ചുമതലയും അദ്ദേഹത്തിനാണ്. വിനോദ സഞ്ചാരവികസന കോര്‍പറേഷന്‍ എം.ഡി പി.എം. അലി അസ്ഗര്‍ പാഷ ഇനി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറാണ്.

ആസൂത്രണ-ധനകാര്യ അഡീഷനല്‍ സെക്രട്ടറി കെ.എന്‍. സതീഷിന് ഹൗസിങ് കമീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി തസ്തികകളിലാണ് നിയമനം. നിര്‍മിതികേന്ദ്രം ഡയറക്ടര്‍, നാഷനല്‍ സൈക്ളോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രോജക്ട് മാനേജര്‍ എന്നീ ചുമതലകളും ഉണ്ടാവും. സാമൂഹികനീതി ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ ആയുഷ് മിഷന്‍ ഡയറക്ടറായി എക്സ് കാഡര്‍ തസ്തികയില്‍ നിയമിച്ചു. സംസ്ഥാന ഹോമിയോപതിക് കോഓപറേറ്റിവ് ഫാര്‍മസി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ ചുമതലയും നല്‍കി. ദേശീയ ആരോഗ്യ ദൗത്യം മിഷന്‍ ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ കമീഷണര്‍ എന്നിവയുടെ അധികച്ചുമതലയും അദ്ദേഹത്തിനാണ്.

സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ പി. ബാലകിരണിന് സാമൂഹികനീതി ഡയറക്ടറുടെ ചുമതലയും നല്‍കി. നിര്‍മിതികേന്ദ്രം ഡയറക്ടര്‍ ഡി. ബാലമുരളിയെ വിനോദ സഞ്ചാര വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ആക്കി. വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ എം.ഡിയുടെ പൂര്‍ണ അധികച്ചുമതലയും അദ്ദേഹത്തിനാവും. ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ എസ്. സുഹാസിനെ ആസൂത്രണ-ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റിനിയമിച്ചു. തീരവികസന കോര്‍പറേഷന്‍ എം.ഡി ആയിരുന്ന ഡോ. കെ. അമ്പാടിക്ക് പബ്ളിക് റിലേഷന്‍സിന്‍െറ പൂര്‍ണ അധികച്ചുമതല നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.