ലങ്കാദഹനം പ്രതിനായകന് കിട്ടിയ തിരിച്ചടി

ലങ്കാദഹനം അഗ്നിയുടെ പ്രതീകാത്മകമായ സംഹാരതാണ്ഡവമായി കാണേണ്ടതുണ്ട്. അഗ്നി ജീവസ്സുറ്റ കഥാപാത്രമാണല്ളോ പുരാണങ്ങളില്‍. ആഗ്നാട്ടല്‍ എന്ന ഗ്രീക്ക് ദേവനും പ്രൊമിത്യൂസിന്‍െറ ശിക്ഷക്ക് കാരണമായ അഗ്നിയും ഒന്നുതന്നെ. ‘അഗ്നയേ സ്വാഹ’ എന്ന യാഗമന്ത്രവും അഗ്നിയുടെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നു. അഗ്നി വിശുദ്ധിയുടെയും സംഹാരത്തിന്‍െറയും പ്രതീകമാണ്. മനുഷ്യസംസ്കാരത്തിന്‍െറ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തിയ മഹാശക്തിയാണത്.

ഈ അഗ്നിയാണ് ലങ്കയെ ദഹിപ്പിച്ചത്. മനുഷ്യകുലത്തിന് ഹാനികരമായ രക്ഷോഗണത്തെ സമൂലം ഇല്ലാതാക്കാന്‍ അഗ്നിക്കേ കഴിയൂ. ഇതേ അഗ്നിതന്നെയാണ് ഉത്തരകാണ്ഡത്തില്‍ സീതക്ക് ശുദ്ധിവരുത്തിയത്. ഹനുമാനെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ് വാലില്‍ തുണിചുറ്റി എണ്ണപുരട്ടി തീകൊളുത്താന്‍ രാവണന്‍ ആഹ്വാനംചെയ്തത്. ഹനുമാനെ വധിച്ചാല്‍ (അദ്ദേഹം അവധ്യനാണെന്നത് രാക്ഷസര്‍ക്കറിയില്ല) രാമലക്ഷ്മണന്മാരും സുഗ്രീവനും ലങ്കയില്‍ വരില്ളെന്നും അവര്‍ വരാതിരുന്നാല്‍ അവരോട് പ്രതികാരം വീട്ടാനുള്ള അവസരം നഷ്ടപ്പെടുമെന്നുമുള്ള വിഭീഷണന്‍െറ രാജ്യതന്ത്രജ്ഞതയാണ് നടപ്പാക്കിയത്.

ഭ്രാതൃവിദ്വേഷം കൈമുതലായ വിഭീഷണന്‍ അധികാരക്കൊതികൊണ്ട് കൂടിയാണ് രാവണനില്‍നിന്ന് അകന്നുപോയത്. സ്വന്തം ഭാര്യയും സഹോദരനും എതിര്‍ത്തിട്ടും സീതയെ മോചിപ്പിക്കാതെ ഒറ്റയാന്‍പോരാട്ടം നടത്തിയ രാവണന്‍ പ്രതിനായകരുടെ നിരയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഹനുമാനെ തോല്‍പിക്കാന്‍ രാവണന്‍ കൊളുത്തിയ അഗ്നി ലങ്കയുടെ താഴികക്കുടങ്ങളെപ്പോലും ചുട്ടുചാരമാക്കിയത് പ്രതിനായകന്‍െറ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ്.

രാവണന്‍ ഇവിടെ അഗ്നിയെ ആയുധമാക്കിയപ്പോള്‍ ഉത്തരകാണ്ഡത്തില്‍ രാമനും ഇതേആയുധം സീതയെ പരീക്ഷിക്കാന്‍ ഉപയോഗിക്കുന്നു. രാവണന്‍ പരാജയപ്പെടുന്നിടത്ത് രാമന്‍ വിജയിക്കുന്നു. സീതാദേവി സുചരിതയാണെന്ന് രാമന്‍ പ്രഖ്യാപിച്ചിട്ടും വഴങ്ങാത്ത പൗരോഹിത്യത്തിന് അഗ്നികൊണ്ടുള്ള മറുപടി കാവ്യനീതിക്ക് ഉത്തമോദാഹരണമാണ്. തനിക്ക് പക്ഷമില്ളെന്ന് ബോധ്യപ്പെടുത്തിയ വാല്മീകിയുടെ തലപ്പൊക്കമുള്ള കവികള്‍ വിരളം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.