പനമരം:നെയ്കുപ്പ വനത്തില്‍നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള കൈതക്കല്‍ ഡിപ്പോ മുക്കില്‍ കാട്ടാന പരാക്രമം നടത്തിയത് ജനത്തെ ഭീതിയിലാക്കി. മൂന്നു മണിക്കൂറോളം പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു കൊമ്പന്‍ തലങ്ങും വിലങ്ങും ഓടിയത്. ബുധനാഴ്ച രാവിലെ ആറരക്ക് ഡിപ്പോ മുക്കിലെ ഒരു വീട്ടുമുറ്റത്താണ് ആനയെ ആദ്യം കണ്ടത്. ബഹളമുണ്ടാക്കിയതോടെ ഗൃഹനാഥനുനേരെ പാഞ്ഞടുത്ത ആന വീടിന് ചെറിയ കേട് വരുത്തിയതിന് ശേഷം പനമരം-മാനന്തവാടി റോഡിലേക്കിറങ്ങി. ഈ സമയം മുന്നില്‍ കണ്ട ലോറി കുത്തിമറിച്ചിടാന്‍ ശ്രമിച്ചു. മറ്റ് വാഹനങ്ങളിലത്തെിയവര്‍ രംഗം കണ്ട് ഉച്ചത്തില്‍ ഹോണടിച്ചതോടെ ആന പിന്തിരിയുകയായിരുന്നു.
പിന്നീട് തൊട്ടുത്തുള്ള വയലിലേക്കിറങ്ങി. വരമ്പിലൂടെ വരികയായിരുന്ന ഏതാനും ആളുകള്‍ ആനയെ കണ്ട് തിരിഞ്ഞോടി. ഇവിടെ നിന്നും പനമരം ടൗണിലേക്ക് 800 മീറ്ററേയുള്ളു. ആനയെ കാണാന്‍ ടൗണില്‍നിന്നും ജനം എത്തിയതോടെ എന്തും സംഭവിക്കാമെന്നായി. ഒരു വേള ആന റോഡിലെ ആളുകള്‍ക്ക് നേരെയും തിരിഞ്ഞു. ആളുകള്‍ ചിതറിയോടി. പിന്നീടാണ് വനം വകുപ്പ് മൈക്കിലൂടെ അറിയിപ്പുകൊടുത്ത് ആളുകളെ മാറ്റിനിര്‍ത്താന്‍ ശ്രമം തുടങ്ങിയത്.
രാവിലെ പത്തുമണിയോടെ വയലില്‍നിന്ന് വീണ്ടും പനമരം-മാനന്തവാടി റോഡിലെ ആര്യന്നൂര്‍ കവലയിലത്തെി. രണ്ട് മിനിറ്റോളം ഇവിടെ നിന്നതിന് ശേഷം ചിന്നംവിളിച്ചുകൊണ്ട് പരക്കുനി റോഡില്‍ പ്രവേശിച്ചു. പരക്കുനിയിലെ മഞ്ചേരി തോട്ടത്തിലൂടെ പത്തരയോടെ നീര്‍വാരം വയലിലത്തെി. 11 മണിയോടെ നീര്‍വാരം പുഴ കടന്ന് കാട്ടിലേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മൂന്നാം തവണയാണ് കാട്ടാന കൈതക്കലില്‍ എത്തുന്നത്. ജനം ജാഗ്രത പുലര്‍ത്തിയതിനാല്‍ ആരും ആനയുടെ ആക്രമണത്തിനിരയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.