‘രക്ഷാപ്രവര്‍ത്തന’ത്തിന്‍െറ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് നന്മ സ്റ്റോറുകള്‍ പൂട്ടുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്ന കണ്‍സ്യൂമര്‍ ഫെഡില്‍ ‘രക്ഷാ പ്രവര്‍ത്തന’ങ്ങള്‍ക്ക് തുടക്കമായി. തീരെ വിറ്റുവരവില്ലാത്ത ശാഖകള്‍ പൂട്ടിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അതേസമയം, പുതിയ  സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങളായിട്ടും കുടിശ്ശിക തന്നുതീര്‍ക്കാന്‍ നടപടിയില്ളെന്നാണ് കണ്‍സ്യൂമര്‍ഫെഡിന് അവശ്യസാധനങ്ങള്‍ നല്‍കിയ മൊത്ത വിതരണക്കാര്‍ പറയുന്നത്. 210 കോടി രൂപയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി മൊത്തവിതരണക്കാര്‍ക്ക് കുടിശ്ശികയുള്ളത്. കുടിശ്ശിക നിലവിലിരിക്കെ തങ്ങളെ തഴയുന്ന നീക്കങ്ങള്‍ അധികൃതര്‍ നടത്തുന്നതായും ഇവര്‍ പരാതിപ്പെടുന്നു. വിവിധ ജില്ലകളിലെ 200നടുത്ത് നന്മ സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. തിരുവനന്തപുരത്തെ 30ഉം കൊല്ലത്തെ 36ഉം ആലപ്പുഴയിലെ 42ഉം പത്തനംതിട്ടയിലെ 16ഉം തൃശൂരിലെ ഒമ്പതും നന്മ സ്റ്റോറുകള്‍ പൂട്ടാനാണ് നടപടിയായത്. ഇവിടെയുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സ്ഥിരം ജീവനക്കാരുണ്ടെങ്കില്‍ അവരെ സമീപത്തെ ത്രിവേണി സ്റ്റോറുകളിലേക്ക് മാറ്റും.  
അടച്ചുപൂട്ടുന്ന സ്റ്റോറുകളില്‍ പലതിലും പ്രതിദിനം നൂറുരൂപയില്‍ താഴെയായിരുന്നു വിറ്റുവരവ് എന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറയുന്നു. ഇവിടെ ജോലിചെയ്യുന്ന രണ്ടുപേര്‍ക്ക് ദിവസവേതനമായിത്തന്നെ 1200 രൂപ നല്‍കണം. ഇതിനുപുറമെയാണ് വൈദ്യുതി, വാടക തുടങ്ങിയ ഇനങ്ങളിലെ ചെലവും. ഇത്തരം ശാഖകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ളെന്ന വിലയിരുത്തലിലാണ് ഇവ പൂട്ടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് ഓരോ പഞ്ചായത്തിലും നന്മ സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. എം.എല്‍.എമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും ശിപാര്‍ശയനുസരിച്ച് 865 നന്മ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണ്. ഓണത്തിന് മുന്നോടിയായി വിപുലമായ വിപണി ഇടപെടലിന് ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും ഇതിനായി ഇ-ടെണ്ടര്‍ നടപടി തുടങ്ങിയെന്നും അധികൃതര്‍ പറയുന്നു. അതിനിടെ, പുതിയ സര്‍ക്കാര്‍ വന്നിട്ടും തങ്ങള്‍ക്ക് കിട്ടാനുള്ള പണത്തിന്‍െറ കാര്യത്തില്‍ നടപടിയൊന്നുമില്ളെന്ന ആവലാതിയാണ് മൊത്തവിതരണക്കാര്‍ക്കുള്ളത്. നിലവിലുള്ളവരുടെ കുടിശ്ശിക തീര്‍ക്കാതെ കണ്‍സ്യൂമര്‍ ഫെഡ് പുതിയ വിതരണക്കാരില്‍ നിന്ന് സാധനങ്ങളെടുക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നനു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.