സോളാര്‍: ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തട്ടിപ്പ് വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി കെ. ബാബു, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങി 15 പേരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യം. സോളാര്‍ കമീഷന്‍ മുമ്പാകെ അഭിഭാഷകസംഘടനയും മറ്റുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏതാനും പേരെ പുതുതായി വിസ്തരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരില്‍നിന്ന് മൊഴിയെടുത്തശേഷം സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ14 മണിക്കൂര്‍ നീണ്ട മൊഴിനല്‍കല്‍ നടന്നതാണെന്നും ഇനിയും വിസ്തരിക്കേണ്ട ആവശ്യമില്ളെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ വാദിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകസംഘടന ഏപ്രില്‍ 11ന് നല്‍കിയ അപേക്ഷയില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 26ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന് നോട്ടീസ് നല്‍കിയിരുന്നെന്നും അതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ളെന്നും സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടുദിവസത്തെ സമയമെങ്കിലും അനുവദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ വീണ്ടും അഭ്യര്‍ഥിച്ചതോടെ വ്യാഴാഴ്ചവരെ സമയം അനുവദിച്ചു. ഉമ്മന്‍ ചാണ്ടി, സരിത എസ്. നായര്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, എബ്രഹാം കലമണ്ണില്‍, മല്ളേലില്‍ ശ്രീധരന്‍ നായര്‍, തോമസ് കുരുവിള, ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനര്‍ട്ട് ഉദ്യോഗസ്ഥരായ അനീഷ് എസ്. പ്രസാദ്, രാജേഷ് നായര്‍, പരാതിക്കാരന്‍ മുടിക്കല്‍ സജാദ്, എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, പി.സി. ജോര്‍ജ് എം.എല്‍.എ, സി.എല്‍. ആന്‍േറാ, ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍, റിജേഷ് എന്നിവരെയാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ഉമ്മന്‍ ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവശര്‍മ, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ബാലകൃഷ്ണന്‍, ഗണ്‍മാന്മാരായിരുന്ന പ്രദീപ്, രവി,  അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ ബാബു പ്രസാദ്, തോമസ് കൊണ്ടോടി, പൊലീസ് ആസ്ഥാനത്തെ· സൈബര്‍ സെല്‍ അസി. കമീഷണര്‍, ബി.എസ്.എന്‍.എല്‍ നോഡല്‍ ഓഫിസര്‍, ഡിവൈ.എസ്.പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ആര്‍. രാമചന്ദ്രന്‍ നായര്‍, ഡല്‍ഹിയില്‍ തോമസ് കുരുവിളക്ക് പണം കൈമാറിയതായി ആരോപിക്കപ്പെട്ട ധീരജ്, അന്നത്തെ കോട്ടയം, ആലപ്പുഴ ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവരെ  പുതുതായി വിസ്തരിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യത്തിന്മേലും കമീഷന്‍ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന. ബുധനാഴ്ച ഡിവൈ.എസ്.പി വി. അജിത്തിനെയും വ്യാഴാഴ്ച കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെയും സോളാര്‍ കമീഷന്‍ വിസ്തരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.