നിര്‍വ്യാജ ഭക്തിയുടെ ധന്യത

വര്‍ണാശ്രമവ്യവസ്ഥ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വിഭാഗങ്ങള്‍) അതിശക്തമായി നിലനിന്നപ്പോഴും അതിനെ ചോദ്യംചെയ്തിരുന്നവയാണ് രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങള്‍. വാല്മീകിയും വ്യാസനും നാലാമത്തെ വര്‍ണമായ ശൂദ്രവിഭാഗത്തില്‍പെട്ടവരാണെന്ന കാര്യം സര്‍വവിദിതമാണ്. ‘അക്ഷരം പഠിച്ച ശൂദ്രനെ ദൂരെ മാറ്റിനിര്‍ത്തണം’ എന്ന മനുസ്മൃതി വാക്യം നടപ്പായിരുന്ന കാലത്ത് ഈ ശൂദ്രന്മാര്‍ എങ്ങനെ വേദവേദാംഗപാരംഗതരും കവികളുമായി എന്നത് ചിന്തോദ്ദീപകമാണ്. ജാതിയുടെ പേരില്‍ മനുഷ്യനെ ചുട്ടുകൊല്ലുന്ന ഇന്ത്യന്‍ ഗ്രാമങ്ങളെ നോക്കി പരിഹസിക്കുന്ന എത്രയോ ഉപകഥകള്‍ നിറഞ്ഞ ഭാരതവും രാമായണവും ഉള്‍ക്കൊള്ളാന്‍ നാമിനിയും സന്നദ്ധരല്ല. 
വനവാസകാലത്ത് ആശ്രമങ്ങളെല്ലാം തേടിനടന്ന രാമന്‍ ഏറ്റവും ഉത്സുകനായി സന്ദര്‍ശിച്ചത് ശബരിയുടെ ആശ്രമമാണ്. വൃദ്ധയോഗിനിയായ ശബരി മഹര്‍ഷി സത്തമന്മാരെക്കാളും രാമനെ ആകര്‍ഷിച്ച മഹത്ത്വമുള്ള കഥാപാത്രമാണ്. ഒരു ഗോത്രത്തലവന്‍െറ മകളായ ശബരി വ്യത്യസ്തമായ ജീവിതരീതി പിന്തുടരുകയും കല്യാണം കഴിച്ചശേഷം മാംസഭോജനത്തോടും മറ്റും വിരക്തി തോന്നി കാട്ടിനുള്ളില്‍ മറയുകയും ചെയ്യുന്നു. കാട്ടിലെ ഒരു താപസാശ്രമത്തിനടുത്ത് ഒളിച്ചുതാമസിച്ചുകൊണ്ട് താപസന്മാരുടെ ജീവിതരീതികള്‍ മനസ്സിലാക്കി ഒടുവില്‍ മാതംഗ മഹര്‍ഷിയുടെ അന്തേവാസിയായി മാറുന്ന ശബരി പിന്നീട് ഒരാശ്രമം പണിത് ഏകാകിനിയായി വളരെനാള്‍ ജീവിച്ചു. ഈ വാസത്തിനിടക്ക് എന്നെങ്കിലും ശ്രീരാമന്‍െറ ആഗമനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഭക്ത്യാദരപൂര്‍വം ഫലമൂലാദികള്‍ ഒരുക്കിവെച്ച് ശബരി കാത്തിരുന്നു. ഒടുവില്‍ രാമന്‍ ശബരിയുടെ ആശ്രമത്തിലത്തെി അര്‍ഘ്യപാദ്യാദികള്‍ സ്വീകരിച്ചു. ശബരി രാമനോട് പറഞ്ഞു: ‘പ്രഭോ അടിയന് അറിവില്ല. നീച ജാതിയില്‍ ജനിച്ച ഇവള്‍ക്ക് അങ്ങയെ ശുശ്രൂഷിക്കാന്‍പോലും യോഗ്യതയില്ല. അതുകൊണ്ട് അങ്ങയെ കാണാനാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. എത്രവര്‍ഷങ്ങളായി അടിയന്‍െറ കാത്തിരിപ്പ്! ഇന്നതു സഫലമായി’.
രാമന്‍ ശബരിയെ അനുഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പ്രതിവചിച്ചു: ‘ഭക്തോത്തമയായ ശബരീ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, സന്യാസിയാകട്ടെ, ഗൃഹസ്ഥനാകട്ടെ ഭക്തിയുള്ളവരോട് മാത്രമേ എനിക്കു പ്രീതിയുള്ളൂ. നിന്‍െറ നിര്‍വ്യാജ ഭക്തി നിന്നെ ധന്യയാക്കിത്തീര്‍ത്തിരിക്കുന്നു’. ഈ ധന്യത രാമന് ബ്രാഹ്മണക്ഷത്രിയകുല ജാതരായ മഹര്‍ഷിമാരില്‍ നിന്നുപോലും ലഭ്യമായില്ല എന്നത് രാമായണ കവിയുടെ ജീവിത ദര്‍ശനത്തിന്‍െറ ധന്യതകൂടിയാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.