കെ.എസ്.സി.ബി
തിരുവനന്തപുരം: ജനുവരിയിലെ പ്രതിമാസ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് മൂന്ന് പൈസ വർധിപ്പിച്ച് കെ.എസ്.ഇ.ബി. ഡിസംബറിൽ അഞ്ച് പൈസ പ്രതിമാസ ബിൽ ലഭിക്കുന്നവരുടെ സർചർജ് ജനുവരിയിൽ എട്ട് പൈസയായാണ് വർധിപ്പിച്ചത്. അതേസമയം, രണ്ടു മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവരുടെ ജനുവരിയിലെ ബില്ലിൽ സർചാർജ് ഒരു പൈസ കുറയും. ഡിസംബറിൽ എട്ട് പൈസയായിരുന്ന സർചാർജ് ഏഴ് പൈസയായാണ് കുറയുക. നവംബർ മാസത്തെ 18.45 കോടിയുടെ അധിക ബാധ്യതയാണ് ജനുവരിയിലെ ഇന്ധന സർചാർജ് വഴി ഈടാക്കുന്നത്.
അതേസമയം, ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ഇന്ധന സർചാർജ് പരിധിയില്ലാതെ ഈടാക്കാൻ അനുവാദം നൽകുന്ന ചട്ടഭേദഗതി ഇക്കൊല്ലംതന്നെ നടപ്പാകാനാണ് സാധ്യത. ഇതുസംബന്ധിച്ച റെഗുലേറ്ററി കമീഷൻ ഉത്തരവ് വൈകാതെയുണ്ടാവും. സർചാർജിന് നിലവിലുള്ള യൂനിറ്റിന് 10 പൈസ എന്ന പരിധി ഒഴിവാക്കാൻ കമീഷനോട് കഴിഞ്ഞ മാസമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കരട് പ്രസിദ്ധപ്പെടുത്തുകയും തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. 2023ലെ കെ.എസ്.ഇ.ആർ.സി (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) ചട്ടമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതി സംബന്ധിച്ച ഉത്തരവ് നടപ്പാകുന്നതോടെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവിന് ആനുപാതികമായി ഉപഭോക്താക്കൾ ഇന്ധന സർചാർജ് നൽകേണ്ടിവരും.വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ടാണ് ഇന്ധന സർചാർജിന്റെ പരിധി എടുത്തുകളയണമെന്ന ആവശ്യം സംസ്ഥാന സർക്കാർ കമീഷന് മുന്നിൽ ഉന്നയിച്ചത്. വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പേരിൽ സംസ്ഥാന സർക്കാറിന് മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ അരശതമാനാണ് അധികം കടമെടുക്കാനാവുക. ഇതിനായുള്ള നിബന്ധനകളിൽ വൈദ്യുത വിതരണ കമ്പനികളുടെ നഷ്ടം കുറക്കുന്ന ഇടപെടലുകളും ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.