കൊല്ലം: റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ്ങിന് ഏർപ്പെടുത്തിയ ഉയർന്ന നിരക്ക് പിൻവലിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പിന് പുല്ലുവില കൽപ്പിച്ച് സംസ്ഥാനത്ത് നിർബന്ധിത ഗുണ്ടാപിരിവ്. കഴിഞ്ഞ ഏപ്രിൽ മുതലാണ് സ്റ്റേഷനുകളെ രണ്ട് കാറ്റഗറികളായി തിരിച്ച് പാർക്കിങിന് വൻ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തേയുള്ളതിൽ നിന്ന് 30 മുതൽ 60 ശതമാനം വരെ നിരക്ക് വർധിപ്പിച്ചാണ് യാത്രക്കാരെ പിഴിയാൻ തീരുമാനിച്ചത്. പരീക്ഷണാർത്ഥം ചില സ്റ്റേഷനുകളിൽ ഇത് നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.
റെയിൽവേ കൺസൾട്ടേറ്റീവ് അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് വർധിപ്പിച്ച പാർക്കിങ് ഫീസ് അടിയന്തിരമായി കുറക്കണമെന്ന് ആവശ്യപെട്ടതിന്‍റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം കൈകൊള്ളുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഉത്തരവ് ഇറങ്ങാതെ വന്നതോടെ രണ്ട് മാസമായി എല്ലാ സ്റ്റേഷനുകളിലും നിർബന്ധിതമായി തന്നെ പുതുക്കിയ ഫീസ് ഈടാക്കിത്തുടങ്ങി.
സ്റ്റേഷനുകളുടെ കാറ്റഗറി നിശ്ചയിച്ചതടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്നും അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും ചൂണ്ടികാട്ടി യാത്രക്കാർ തർക്കിക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്ന നിലയിലേക്ക് കരാറുകാർ പ്രവർത്തിച്ചുതുടങ്ങിയിരിക്കുകയാണ്. തർക്കിക്കുന്നവരുടെ വാഹനങ്ങളുടെ ചിത്രം പകർത്താൻ കരാറുകാർ അവരുടെ തൊഴിലാളികൾക്ക് നിർദേശം കൊടുത്തിരിക്കുകയാണിപ്പോൾ.
എട്ട് മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിങ്ങിന് കാറ്റഗറി ഒന്ന് സ്റ്റേഷനുകളിലെ നിരക്ക് 80 രൂപയും കാറ്റഗറി രണ്ടിലെ നിരക്ക് 50 രൂപയുമാണ്. 24 മുതൽ 48 മണിക്കൂർ വരെ യഥാക്രമം 180 ഉും 80 മാണ്. ഇരുചക്ര വാഹനങ്ങളുടേത് 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്. ഇരുചക്രവാഹനത്തിന് മാസ വാടക 300ൽ നിന്ന് 600 ആയാണ് ഉയർത്തിയത്.
സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിൽ പെടുത്തിയതിന്‍റെ അശാസ്ത്രീയതായാണ് യാത്രക്കാർ പ്രധാനമായും ചോദ്യംചെയ്യുന്നത്. രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകൾ മാത്രമാണ് കാറ്റഗറി രണ്ടിൽ പെടുത്തിയിട്ടുളളത്. തിരുവനന്തപുരം ഡിവിഷനുകീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ സ്റ്റേഷനുകളുടെ അതേ കാറ്റഗറിയിലാണ് വർക്കല, കഴക്കൂട്ടം, കായംകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, ചേർത്തല, ഗുരുവായൂർ, ആലുവ സ്റ്റേഷനുകളടക്കമുള്ളവയും ഉൾപെടുത്തിയിരിക്കുന്നത്.
ഇക്കാര്യമടക്കം കഴിഞ്ഞ മാസം 22ന് ചെന്നൈയിൽ ചേർന്ന ദക്ഷിണ മേഖല റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മറ്റി യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും ട്രെയിനുകളുടെ സ്റ്റോപ്പ്, ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റേഷനുകളെ തരം തിരിച്ചിരിക്കുന്നതെന്നും അതിൽ മാറ്റമില്ലന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.