ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ ആക്ഷേപിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

ആലപ്പുഴ: കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ കോഴിക്കോട് ടൗണ്‍ എസ്.ഐ പി.എം. വിമോദിനെ ന്യായീകരിച്ചും ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെയും മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിച്ചും ഫേസ്ബുക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ രാജഗോപാലിനെയാണ് ജില്ലാ പൊലീസ് മേധാവി എ. അക്ബര്‍ സസ്പെന്‍ഡ് ചെയ്തത്.  

ഫേസ്ബുക് പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എ.ആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഐവാന്‍ രത്തിനവും ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയും അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കുള്ള ആള്‍ എന്നുവിശേഷിപ്പിക്കുന്ന പോസ്റ്റില്‍ അദ്ദേഹത്തെ നട്ടെല്ലില്ലാത്തയാള്‍ എന്നും ആക്ഷേപിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ നായിന്‍െറ മക്കളെന്നും നാലാം ലിംഗക്കാരെന്നും വിളിച്ചും അധിക്ഷേപമുണ്ട്. അതിക്രമം കാട്ടാന്‍ പറഞ്ഞത് കോടതിയാണെന്നും കുറിച്ചിരുന്നു. എസ്.ഐ വിമോദിന്‍െറ ചിത്രമാണ് ഇയാള്‍ സ്വന്തം പ്രൊഫൈലില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.

മാവേലിക്കര സ്വദേശിയായ രാജഗോപാല്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ടി.കെ. മാധവന്‍ മെമ്മോറിയല്‍ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യു നേതാവും യൂനിയന്‍ ചെയര്‍മാനുമായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ജില്ലാ പൊലീസ് എംപ്ളോയീസ് സഹകരണസംഘം ഭരണസമിതി അംഗമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.