ഡിഗ്രി പ്രവേശം: സീറ്റുകച്ചവടത്തിന് സര്‍വകലാശാല അവസരമൊരുക്കുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: പ്രഫഷനല്‍ കോഴ്സ് പ്രവേശം പൂര്‍ത്തിയാവും മുമ്പ് ബിരുദ അലോട്ട്മെന്‍റ് അവസാനിപ്പിച്ച് സീറ്റുകച്ചവടത്തിന് മാനേജ്മെന്‍റുകളുമായി സര്‍വകലാശാല ഒത്തുകളിക്കുന്നെന്ന് ആക്ഷേപം. ഒഴിവുള്ള മെറിറ്റ് സീറ്റിലുള്‍പ്പെടെ സ്പോട്ട് അഡ്മിഷന്‍ നടത്താന്‍  അവസരം നല്‍കിയാണ് എയ്ഡഡ് കോളജ് മാനേജ്മെന്‍റുകള്‍ക്ക് സഹായകരമായ നിലപാടെടുക്കുന്നത്.

ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശത്തിന് നാല് ഓണ്‍ലൈന്‍ അലോട്ട്മെന്‍റുകള്‍ സര്‍വകലാശാല നടത്തിക്കഴിഞ്ഞു. ഇതോടെ ഇത് അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, ഏകദേശം ഏഴായിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മെഡിക്കല്‍ പ്രവേശ നടപടികള്‍ കൂടി കഴിയുന്നതോടെ സീറ്റുകളുടെ എണ്ണം ഇനിയും കൂടും. ഒഴിവുള്ള സീറ്റുകളിലേക്ക്  കോളജുകള്‍ നേരിട്ട് ഒറ്റദിവസം സ്പോട്ട് അഡ്മിഷന്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. എന്നാല്‍, കഴിഞ്ഞവര്‍ഷം മെറിറ്റ് സീറ്റുകളിലേക്ക് സര്‍വകലാശാല നേരിട്ടാണ് സ്പോട്ട് അഡ്മിഷന്‍ നടത്തിയത്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ഒഴിവുകള്‍ മനസ്സിലാക്കി കോളജുകള്‍ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നു. അതിനുപുറമേ, പ്രഫഷനല്‍ കോഴ്സ് പ്രവേശം പൂര്‍ത്തിയായശേഷം ഓണ്‍ലൈന്‍ അലോട്ട്മെന്‍റും നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ അതൊഴിവാക്കുകയും ഒഴിവുള്ള സീറ്റുകളില്‍ പ്രവേശം നല്‍കാനുള്ള ചുമതല കോളജുകള്‍ക്ക് കൈമാറുകയും ചെയ്തു.

സുതാര്യത ഉറപ്പുവരുത്താനെന്ന പേരില്‍ മറ്റൊരു കോളജില്‍ നിന്ന് ഒരു അധ്യാപകനെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്ന കോളജുകളിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ‘സുതാര്യത’ സൃഷ്ടിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമല്ളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍വകലാശാല പ്രതിനിധിയായത്തെുന്ന അധ്യാപകന്‍ കോളജ് മാനേജ്മെന്‍റുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ അര്‍ഹരായവര്‍ അവഗണിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അങ്ങനെവന്നാല്‍ മാനേജ്മെന്‍റുകള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ വന്‍ ചാകരയാകും. ഇതൊഴിവാക്കാന്‍ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെടുന്നത്. പ്രഫഷനല്‍ കോഴ്സ് പ്രവേശം പൂര്‍ത്തീകരിക്കാത്തതിനാല്‍ ബിരുദപഠനം ആഗ്രഹിക്കാത്തവരും താല്‍ക്കാലികമായി പ്രവേശം നേടിയിട്ടുണ്ട്. അതുമൂലം സാമാന്യം ഭേദപ്പെട്ട വിജയം നേടിയവര്‍ക്ക്പോലും ആഗ്രഹിക്കുന്ന കോഴ്സിലും കോളജിലും പ്രവേശം ലഭിച്ചിട്ടില്ല. പ്രഫഷനല്‍ പ്രവേശം പൂര്‍ത്തീകരിക്കുന്നതോടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം സാധ്യമാകൂ. മാത്രമല്ല, സീറ്റൊഴിവ് സംബന്ധിച്ച് വ്യക്തമായ കണക്കും അപ്പോള്‍ മാത്രമേ ലഭ്യമാകൂ.

പ്രഫഷനല്‍ കോഴ്സ് പ്രവേശം പൂര്‍ത്തിയായശേഷം ഓരോ കോളജിലും ഒഴിവുള്ള മെറിറ്റ്-സംവരണ സീറ്റുകള്‍ പ്രഖ്യാപിച്ച് ഒരിക്കല്‍ക്കൂടി ഓപ്ഷന്‍ സ്വീകരിച്ച് ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് നടത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. അതിനുശേഷം വിഷയം തിരിച്ച് വ്യത്യസ്ത തീയതികളും സമയവും മുന്‍കൂട്ടി നിശ്ചയിച്ച് സര്‍വകലാശാല നേരിട്ടുതന്നെ സ്പോട്ട് അഡ്മിഷന്‍ നടത്തുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.