കയറ്റിറക്ക് തര്‍ക്കം: ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിട്ട് ഒരാഴ്ച

പത്തനംതിട്ട: കയറ്റിറക്ക് ജോലികള്‍ ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികള്‍ രംഗത്തുവന്നതോടെ ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിട്ട് ഒരാഴ്ച. സുരക്ഷാഭീഷണിയുള്ളതിനാല്‍ വിജിലന്‍സ് എസ്.പി ഒപ്പിട്ട തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് പമ്പയിലും സന്നിധാനത്തും കയറ്റിറക്ക് ജോലി ചെയ്യാന്‍ അനുവാദം. ഇതിനു വിരുദ്ധമായി സി.ഐ.ടി.യു തൊഴിലാളികള്‍ ഒരാഴ്ച മുമ്പു രംഗത്തുവന്നതോടെയാണ് ജോലി തടസ്സപ്പെട്ടത്.

ദേവസ്വം ബോര്‍ഡ് അനുമതിയോടെ മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സന്നിധാനത്തേക്ക് ട്രാക്ടറിലാണ് നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നത്. പണി തടസ്സപ്പെട്ടതോടെ കരാറുകാരും തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ഇനി മൂന്ന് മാസമേയുള്ളൂ. ഇതിന് മുമ്പായി വിവിധ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുണ്ട്. അന്നദാന മണ്ഡപം, ദര്‍ശന്‍ കോംപ്ളക്സ് എന്നിവയുടെ പണിയാണ് ഉടന്‍ പൂര്‍ത്തിയാക്കേണ്ടത്. സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പണിയും നടക്കുകയാണ്. പ്ളാന്‍റ് നിര്‍മാണവുമായി ബന്ധപ്പെട്ട പൈപ്പുകളും മറ്റു സാമഗ്രികളും പമ്പയില്‍ കുടുങ്ങിക്കിടക്കുകയാണ്. ശബരിമലയില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ളെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈകോടതി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിലും പമ്പയിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് ജില്ലാ ജോയന്‍റ് സെക്രട്ടറി എസ്. ഹരിദാസ് പറഞ്ഞു. തൊഴിലാളികള്‍ കൂലി സംബന്ധമായി ഒരു തര്‍ക്കവും ഉന്നയിച്ചിട്ടില്ല, ജോലി തടഞ്ഞിട്ടുമില്ല. തൊഴിലാളികളെയും കരാറുകാരെയും വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ പമ്പാ പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ വിളിച്ച യോഗം കരാറുകാര്‍ ബഹിഷ്കരിച്ചു. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.