സീത സ്ത്രീശക്തിയുടെ പ്രതീകം 

ഭാര്യയെന്നാല്‍ ഭരിക്കപ്പെടുന്നവള്‍, ഭര്‍ത്താവെന്നാല്‍ ഭരിക്കുന്നവന്‍ എന്ന പദസങ്കല്‍പത്തെ ലംഘിക്കുന്നവരാണ് പല രാമായണ കഥാപാത്രങ്ങളും. സ്വന്തം അനിമസ് (സ്ത്രീയുടെ പുരുഷാംശം) കൊണ്ട് വ്യക്തിത്വമുള്ള കഥാപാത്രങ്ങളായി ഏതു സഭയിലും അവര്‍ തിളങ്ങിനില്‍ക്കുന്നു. രാമായണത്തെ സ്ത്രീകേന്ദ്രിത കൃതിയായി നോക്കിക്കാണുന്നവര്‍ക്ക് നായികയായ സീതയുടെ അസാമാന്യമായ സ്ഥൈര്യവും ഒൗചിത്യപൂര്‍ണമായ ഇടപെടലും ബോധ്യപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. വനവാസത്തിന്‍െറ പ്രാരംഭകാലം മുതല്‍ ഭൂപ്രവേശംവരെ സീതയെ മുന്നോട്ടുനയിച്ചിരുന്നത് ഭരിക്കപ്പെടുന്ന സ്ത്രീത്വമല്ല, മറിച്ച് ഇരുത്തംവന്ന ഇതിഹാസ നായികാത്വമാണ്. പ്രകൃതിയുടെ പുത്രിയായി സീത വിഭാവനം ചെയ്യപ്പെട്ടതിന്‍െറ പൊരുളെന്തെന്ന് എല്ലാ സഹജീവികളോടുമുള്ള സീതയുടെ സമഭാവനയില്‍നിന്ന് മനസ്സിലാക്കാം.
വനവാസത്തിലെ പുണ്യാശ്രമ സന്ദര്‍ശന വേളയിലെ ഒരു അസുലഭ സന്ദര്‍ഭത്തില്‍ സീത രാമനോട് ഇങ്ങനെ പറയുന്നു: ‘ആര്യപുത്രാ! അവിടുന്ന് രാക്ഷസന്മാരെ അമര്‍ച്ച ചെയ്യുമെന്ന് മുനിമാര്‍ക്ക് വാക്കുകൊടുത്തല്ളോ. അതോര്‍ക്കുമ്പോള്‍ എന്‍െറ മനസ്സ് അസ്വസ്ഥമാവുകയാണ്. അഹിംസ പരമധര്‍മമായി കാണുന്നവരല്ളേ നമ്മള്‍? തപസ്വികളുടെ ചിരന്തനമായ നീതിയും അതാണ്. മിഥ്യാവചനം, വ്യഭിചാരം, ഹിംസ ഇവ മൂന്നും കാമനാജന്യങ്ങളായ ദുശ്ശീലങ്ങളാണ്. ആദ്യത്തെ രണ്ടും ആര്യപുത്രന് ഇല്ലതന്നെ. മൂന്നാമത്തേതായ ഹിംസ അവിടുന്ന് സ്വീകരിച്ച മട്ടാണ്. ആര്യപുത്രന്‍ പിതൃവാക്യപരിപാലനാര്‍ഥം തപസ്യ സ്വീകരിച്ചിരിക്കയാണ്. അതുകൊണ്ട് ധര്‍മവിരുദ്ധമായ ഹിംസ ഒരിക്കലും അരുത്. ശത്രുതയില്ലാതെ രാക്ഷസന്മാരെപ്പോലും കൊല്ലുന്നത് പാപമാണ്. താപസവൃത്തിയും ഹിംസയും തമ്മില്‍ പൊരുത്തപ്പെടുന്നതെങ്ങനെ! ഹിംസ വെടിയാന്‍ സാധ്യമല്ളെങ്കില്‍ വനവാസമെന്ന തപസ്യയെ ത്യജിച്ച് അയോധ്യക്ക് മടങ്ങി രാജധര്‍മം അനുഷ്ഠിക്കുകയല്ളേ ഭേദം?’
സീത അബലയല്ല. വാല്മീകിയുടെ ശിക്ഷണം ലഭിക്കും മുമ്പേതന്നെ ബലവതിയായിരുന്നു എന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. രാമന്‍െറ ഓരോ അയനത്തിലും സീതയുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന വസ്തുത തെളിയിക്കുന്നത് രാമായണകാലത്ത് പല കാര്യങ്ങളിലും സ്ത്രീസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.