കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നു –യെച്ചൂരി

കൊച്ചി: കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫ് മദ്യനയംകൊണ്ട് ഉപഭോഗം കൂടുകയാണ് ചെയ്തത്. മദ്യത്തിന്‍െറ സ്വാധീനവും ഉപഭോഗവും കുറക്കുക എന്നതാണ് സി.പി.എം നയം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യ ഉപഭോഗം കുത്തനെ കുറക്കുന്നതിന് സഹായകമായ നയം സ്വീകരിക്കും. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടച്ച ബാറുകള്‍ തുറക്കുമോ എന്ന് ചോദിക്കുന്നവര്‍, ഏത് ബാറാണ് അടച്ചതെന്ന് വ്യക്തമാക്കണം. ബാറുകളുടെ രൂപം മാറ്റുക മാത്രമാണ് ചെയ്തത്. മാത്രമല്ല, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണം ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന സംസ്ഥാനമായി കേരളം മാറി.  ബംഗാളില്‍ കോണ്‍ഗ്രസ് മാത്രമല്ല, ജനതാദള്‍ യു, ആര്‍.ജെ.ഡി, എന്‍.സി.പി  പാര്‍ട്ടികളും സി.പി.എമ്മിനൊപ്പമാണ്. അവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കേരളത്തില്‍  ഇടത് ഗവണ്‍മെന്‍റിനെ അധികാരത്തിലേറ്റുക എന്നതാണ് മുഖ്യലക്ഷ്യം. ദേശീയതലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.

•കേരളത്തില്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
രണ്ട് കാരണങ്ങളാല്‍ കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസനം നടപ്പാക്കുന്ന ഗവണ്‍മെന്‍റ് അധികാരത്തില്‍ വരണമെന്നതാണ് അതിലൊന്ന്.  അതോടൊപ്പം, അഴിമതി അവസാനിപ്പിക്കുന്നതിനും ഭരണമാറ്റം ആവശ്യമാണ്. ഒന്നിന് പിറകെ ഒന്നായി അഴിമതിക്കഥകള്‍ പുറത്തുവരികയാണ്. ഈ സാഹചര്യത്തില്‍  മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതാണ് സത്യം. 

•ഇടതുമുന്നണി അധികാരത്തിലത്തെിയാല്‍ മദ്യനയത്തില്‍  എന്ത് മാറ്റമാണ് ഉണ്ടാവുക?
ഇടതുമുന്നണി അധികാരത്തിലത്തെിയാല്‍ മദ്യ ഉപഭോഗം കുത്തനെ കുറക്കാനുള്ള നയമാണ് സ്വീകരിക്കുക. മദ്യ ഉപഭോഗം കുറക്കാന്‍ ഇപ്പോള്‍ സ്വീകരിച്ച നയത്തില്‍നിന്ന് പിറകോട്ട് പോവില്ല.

•അടച്ച ബാറുകള്‍ തുറക്കുന്നതില്‍ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടോ?
കേരളത്തില്‍ ഏത് ബാറാണ് അടച്ചത്? ഒന്നും അടച്ചിട്ടില്ല. ബിയര്‍-വൈന്‍ പാര്‍ലറാക്കുകയാണ് ചെയ്തത്. ബാറുകളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. 

•അഫ്സല്‍ ഗുരു അടക്കമുള്ളവരുടെ കാര്യത്തില്‍ തീവ്രവാദത്തോട് സി.പി.എം സന്ധി ചെയ്തു എന്ന ആരോപണം സംബന്ധിച്ച്
അഫ്സല്‍ ഗുരുവിനെ പിന്തുണച്ചു എന്നത് തെറ്റായ പ്രചാരണമാണ്. വധശിക്ഷയോടാണ് വിയോജിപ്പ്. സി.പി.എം മാത്രമല്ല, നൂറിലധികം രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുമെല്ലാം വധശിക്ഷക്ക് എതിരാണ്. ഭീകരവാദത്തെയും തീവ്രവാദത്തെയും ഏതെങ്കിലും ഒരുവിഭാഗവുമായി കൂട്ടിക്കെട്ടുന്നതും തെറ്റാണ്. എല്ലാ വിഭാഗത്തിലും ഭീകരവാദമുണ്ട്. മഹാത്മാ ഗാന്ധിയെ കൊന്നത് ഹിന്ദു തീവ്രവാദിയാണെങ്കില്‍, ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് തീവ്രവാദിയാണ്. രാജീവ് ഗാന്ധിയെ കൊന്നത് എല്‍.ടി.ടി.ഇക്കാരാണ്. മലേഗാവിലും ഹൈദരാബാദ് മക്കാ മസ്ജിദിലും സര്‍ക്കാര്‍ ആരോപിച്ചവരല്ല പ്രതികള്‍ എന്ന് പിന്നീട് തെളിഞ്ഞു. തോക്കുകൊണ്ടും അക്രമം കൊണ്ടും പ്രവര്‍ത്തനം നടത്തുന്ന മാവോയിസത്തെയും അംഗീകരിക്കാനാവില്ല. 

•ബംഗാളില്‍  കൈകോര്‍ക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തില്‍  പോരടിക്കുന്നതില്‍ വൈരുധ്യമില്ളേ?
ബംഗാളിലെ പ്രത്യേകസാഹചര്യം കൊണ്ടാണ് അത്തരമൊരു സഹകരണം രൂപപ്പെട്ടത്.  അക്രമവും ബലാല്‍സംഗവും കൊലപാതകവും അരങ്ങുതകര്‍ക്കുന്ന സ്ഥിതിക്കെതിരെയാണ് കൂട്ടുകെട്ട്. സി.പി.എമ്മിന്‍െറ കാര്യം പറഞ്ഞാല്‍, 200ലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 60,000ലധികം പ്രവര്‍ത്തകര്‍ നാട്ടില്‍നിന്ന് ഓടിക്കപ്പെട്ടു.

•സി.പി.എം മുമ്പ് ചെയ്തതാണ് ഇപ്പോള്‍ മമത ചെയ്യുന്നത് എന്ന് ആരോപണമുണ്ട്.
മമത  ചെയ്യുന്നത് ഞങ്ങള്‍ കഴിഞ്ഞ മുപ്പത് കൊല്ലം ചെയ്തിരുന്നെങ്കില്‍ മമത ബാനര്‍ജി ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നു. 

•ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി.
ജയിക്കുന്നതിനാണ് മുഖ്യ പരിഗണന. വിജയിച്ച ശേഷം പാര്‍ട്ടി തീരുമാനിക്കും ആരാവും മുഖ്യമന്ത്രിയെന്ന്. 

•വോട്ടുതട്ടാനാണ് കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധമെന്ന് സി.പി.എം ആരോപിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു
ഞങ്ങള്‍ പറയുന്നത് വ്യക്തമായ ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലാണ്. കൊല്ലം പരവൂര്‍ ദുരന്തം തന്നെയെടുക്കാം. ദുരന്തമുണ്ടായ അന്ന് ഞാന്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. വേണമെങ്കില്‍ മണിക്കൂറുകൊണ്ട് അവിടെ എത്താമായിരുന്നു. പക്ഷേ, വൈദ്യസഹായം ലഭിക്കുക എന്നതാണ് മുഖ്യമെന്ന് മനസ്സിലാക്കി വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്.  പ്രധാനമന്ത്രി തീരുമാനിച്ചത് മറിച്ചാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനംകൊണ്ട് ഗുണമല്ല, ദോഷമാണ് ഉണ്ടാവുകയെന്ന് ഉദ്യോഗസ്ഥരെല്ലാം പറഞ്ഞു. മുഖ്യമന്ത്രി മാത്രമാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒത്തുകളി (മാച്ച് ഫിക്സിങ്) മണക്കാന്‍ തുടങ്ങിയത് അവിടം മുതലാണ്. ഒത്തുകളിയില്‍ ആരോപണ വിധേയനായ ശ്രീശാന്തിനെ തിരുവനന്തപുരത്ത് രംഗത്തിറക്കിയിട്ടുമുണ്ടല്ളോ. പ്രധാനമന്ത്രി ആഘോഷപൂര്‍വം കൊണ്ടുവന്ന പൊള്ളല്‍ വിദഗ്ധര്‍ ഒന്നും ചെയ്യാതെ മടങ്ങുകയും ചെയ്തു. 

രാജ്യ രക്ഷക്ക് ബി.ജെ.പിയെ പ്രതിരോധിക്കണം എന്നത് തന്നെയാണ് ഞങ്ങളുടെ നയം. ബി.ജെ.പി ഭരണത്തില്‍ മത ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബി.ജെ.പി ഭരണംകൊണ്ട് രാജ്യം എല്ലാ രംഗത്തും പിന്നോട്ടടിച്ചു. ഒരുവര്‍ഷം 1,35,000 തൊഴിലവസരങ്ങളുണ്ടായി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഓരോ മാസവും പത്ത്ലക്ഷത്തോളം യുവാക്കള്‍ തൊഴില്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നു എന്നറിയുമ്പോഴാണ് ഒരുവര്‍ഷത്തിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍ എത്ര തുച്ഛമാണെന്ന് മനസ്സിലാവുക. യെച്ചൂരി പറഞ്ഞു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.