ചെന്നിത്തലയുടെ കത്ത് പ്രചാരണ ആയുധമാക്കി വി.എസ്

കൊച്ചി: രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പ്രചാരണ ആയുധമാക്കി വി.എസ്. അച്യുതാനന്ദൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി ഹൈക്കമാന്‍ഡിന് ചെന്നിത്തല അയച്ച കത്ത് എറണാകുളത്തെ പ്രചാരണ യോഗത്തില്‍ വി.എസ് വായിച്ചു. ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പിയുമായി ധാരണക്ക് ഉമ്മൻചാണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ നിലവിലുണ്ടെന്ന ആരോപണം ഇന്നത്തെ പ്രസംഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചില്ല.

മൈക്രോ ഫിനാൻസ് തട്ടിപ്പിലൂടെ മുഖം നഷ്ടപ്പെട്ടതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ  മകനെ മുന്നിൽ നിർത്തി പുതിയ പാർട്ടിയുണ്ടാക്കി രംഗത്തുവന്നതെന്നും വി.എസ് പരിഹസിച്ചു.  പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം.ജെ. ജേക്കബിന്‍റെ പ്രചാരണ യോഗത്തിനെത്തിയതായിരുന്നു വി.എസ്. അച്യുതാനന്ദൻ. മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എൽദോ എബ്രഹാമും പ്രചാരണ യോഗത്തിനെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചത്. അഴിമതിയില്‍ നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നെന്ന് കത്തില്‍ ചെന്നിത്തല ഉന്നയിച്ചിരുന്നു. എന്നാല്‍ വിവാദമായപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.