എറണാകുളത്ത് പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു

കൊച്ചി: കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ പത്ത് വയസ്സുകാരനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി.എറണാകുളം പുല്ളേപ്പടി ചെറുകരയത്ത് ലെയ്നില്‍ പറപ്പിള്ളി ജോണ്‍-ലിനി ദമ്പതികളുടെ ഇളയമകന്‍ റിസ്റ്റി ജോണാണ് (റിച്ചി-10) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി പൊന്നാശേരി വീട്ടില്‍ അജി ദേവസിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ഏഴേകാലോടെ പാലും മറ്റുസാധനങ്ങളും വാങ്ങി വരവേയാണ് റിസ്റ്റി ആക്രമണത്തിനിരയായത്. വീടിന് നൂറുമീറ്റര്‍ അകലെവെച്ച് റിസ്റ്റിയുടെ മുഖമടക്കം കെട്ടിപ്പിടിച്ച അജി കഴുത്തില്‍ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. താഴെവീണ റിസ്റ്റിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയശേഷം അജി നടന്നുനീങ്ങി. സംഭവം കണ്ട അയല്‍വാസി ആനിയുടെ കരച്ചില്‍ കേട്ട് റിസ്റ്റിയുടെ മാതാവ് ലിനിയും സഹോദരന്‍ ഏബിള്‍ ജോണും നാട്ടുകാരും ഓടിക്കൂടി. വിവരമറിഞ്ഞത്തെിയ പിതാവ് ജോണ്‍ സ്വന്തം ഓട്ടോയില്‍ മകനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നാട്ടുകാര്‍ തടഞ്ഞുവെച്ച അജിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് മാറ്റി. റിസ്റ്റിയുടെ കഴുത്തില്‍ 17ഓളം കുത്തേറ്റിരുന്നു. ശരീരത്തില്‍ ചെറുതും വലുതുമായ 27ഓളം മുറിവുള്ളതായി ഡോക്ടമാര്‍ കണ്ടത്തെി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലത്തെിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് ബ്രോഡ്വേ സെന്‍റ് മേരീസ് ബസിലിക്ക പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം പത്തോടെ സംസ്കരിക്കും.
ശനിയാഴ്ച ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കെയാണ് റിസ്റ്റിയുടെ മരണം. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്. പിതാവ് ജോണ്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. മാതാവ് ലിനി ജോണ്‍ പ്രിന്‍റിങ് പ്രസ് ജീവനക്കാരിയാണ്. ഏക സഹോദരന്‍ ഏബിള്‍ ജോണ്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥി.
അജി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസും മാതാപിതാക്കളും പറഞ്ഞു. എന്നാല്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന അജി ഇതേതുടര്‍ന്നുണ്ടായ മാനസിക വിഭ്രാന്തിയിലാണ് കൊലനടത്തിയതെന്ന് റിസ്റ്റിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.