ഉമ്മന്‍ചാണ്ടി കൈപ്പത്തി ഉപേക്ഷിച്ച് കോഴ വാങ്ങുന്ന ചിഹ്നം സ്വീകരിക്കണം -വി.എസ്

പെരിന്തല്‍മണ്ണ: കോഴ വാങ്ങാന്‍ മാത്രം ഭരണം നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നം ഉപേക്ഷിക്കണമെന്നും കോഴ വാങ്ങുന്ന ചിഹ്നം സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പെരിന്തല്‍മണ്ണ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി വി. ശശികുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണത്തില്‍ സര്‍വത്ര കോഴയാണ്. പാമോയില്‍ കോഴ, ബാര്‍ കോഴ, സോളാര്‍കോഴ.. ഇങ്ങനെ നീളുന്നു പട്ടിക.
രാജ്യം ഭരിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് കക്ഷികളുടെ നേതാവ് ഗോള്‍വാള്‍ക്കറുടെ ആശയം രാജ്യത്ത് മുസ്ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളും പാടില്ളെന്നാണ്. അത് നടപ്പിലാക്കാനുള്ള പ്രവര്‍ത്തനമാണ് അവരുടേത്. 2002ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുവ്വായിരത്തിലേറെ മുസ്ലിംകള്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ ദ്രോഹ നടപടികളാണ് അക്കാലത്തും തുടര്‍ന്നും നടമാടിയത്. കേന്ദ്രഭരണം ലഭിച്ചപ്പോഴും ജനവിരുദ്ധ നടപടികള്‍ തുടരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ ദേശദ്രോഹ പ്രവര്‍ത്തനം പറഞ്ഞ് അറസ്റ്റ് ചെയ്തു. ആന്ധ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ ഇടയായതും മോദി സര്‍ക്കാറിന്‍െറ നടപടികളുടെ ഫലമാണ്. അലീഗഢ് സര്‍വകലാശാല കാമ്പസിനും ഓരാടംപാലം-മാനത്തുമംഗലം ബൈപാസിനുമായി ഏറെ പ്രവര്‍ത്തിച്ച വ്യക്തിയാണ് വി. ശശികുമാറെന്നും വി.എസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.