കോഴിക്കോട്: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ ചാണ്ടിയെ അന്തസ്സായി വിചാരണചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കോഴിക്കോട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടതിലൊക്കെ തുട്ട് കിട്ടണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ സിദ്ധാന്തം. ഉമ്മന്‍ ചാണ്ടിയുടെയും 19 മന്ത്രിമാരുടെയും പേരിലുള്ള അഴിമതിക്കെതിരെയുള്ള തന്‍െറ പ്രസ്താവനക്ക് മറുപടി പറഞ്ഞതായി കേട്ടു. മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി, താങ്കള്‍ക്കെതിരെ ഉന്നയിച്ചതൊന്നും ആരോപണമല്ല യഥാര്‍ഥ വസ്തുതകള്‍ മാത്രമാണ്. സുപ്രീം കോടതിയിലും വിജിലന്‍സ് കോടതിയിലുമടക്കം പല കോടതിയിലുമുള്ള കേസിന്‍െറ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. അതുസംബന്ധിച്ച് അദ്ദേഹം ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് തന്നെ എടുത്ത 316ല്‍പരം കേസുകളെക്കുറിച്ച് അറിയാത്തവരാണോ ജനങ്ങളെന്നും അദ്ദേഹം ചോദിച്ചു. ഈ കേസുകളെല്ലാം അന്തസ്സായി വിചാരണചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഉദയംചെയ്യാന്‍ പോകുന്നുണ്ട്.
മത്സരിപ്പിക്കരുതെന്ന് ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടിയിലെ അഴിമതിക്കാര്‍ക്ക് സീറ്റ് ലഭിച്ചത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ജനങ്ങളോട് തുറന്നുപറയാന്‍ തയാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കളിക്കുന്നത് കമ്യൂണിസ്റ്റുകാരോടാണെന്ന് ഓര്‍ക്കണം. എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പാകിസ്താനിലേക്ക് അയക്കാന്‍ തയാറായവരെ എങ്ങോട്ടാണ് അയക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. എല്‍.ഡി.എഫിനെ ഭയപ്പെടുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.