കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി വില്‍പന: മുന്‍ കലക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി കഷണങ്ങളാക്കി മുറിച്ചുവിറ്റുവെന്ന കേസില്‍ മുന്‍ ജില്ലാ കലക്ടറടക്കം 17 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. കലക്ടറായിരുന്ന സി.എ. ലത, ജില്ലാ രജിസ്ട്രാര്‍ മധു, ബാലുശ്ശേരിയിലെയും താമരശ്ശേരിയിലെയും സബ് രജിസ്ട്രാര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താനാണ്  വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശിന്‍െറ നിര്‍ദേശം. അഡ്വ. പി.ടി.എസ്. ഉണ്ണിയുടെ പരാതിയിലാണ് നടപടി. 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി കലക്ടറടക്കം പ്രവര്‍ത്തിച്ചതായാണ് പരാതി. നിയമത്തിലെ 81ാം വകുപ്പ് പ്രകാരം എസ്റ്റേറ്റ് ഭൂമി ഭൂപരിഷ്കരണ നിയമ പരിധിയില്‍ വരില്ല. എന്നാല്‍, ഇത്തരം ഭൂമി കഷണങ്ങളാക്കി തരംമാറ്റി വില്‍ക്കുമ്പോള്‍ മിച്ചഭൂമി കണക്കാക്കി സര്‍ക്കാറിലേക്ക് കണ്ടുകെട്ടണം. പ്ളാന്‍േറഷന്‍ ഭൂമി മുറിച്ച് രജിസ്റ്റര്‍ ചെയ്ത് കൈമാറ്റം ചെയ്യുന്നത് കലക്ടര്‍ നിര്‍ബന്ധമായി തടയണമെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പ്ളാന്‍േറഷന്‍ ഭൂമി സംസ്ഥാനത്തിന്‍െറ പൊതുനന്മക്കായി നിലനിര്‍ത്തണമെന്നും ഉത്തരവുണ്ട്. ഇതെല്ലാം അവഗണിച്ച് കലക്ടറടക്കമുള്ളവര്‍ ഭൂമി മുറിച്ചുവില്‍ക്കാന്‍ ഒത്താശചെയ്തുവെന്നാണ് ആരോപണം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.