രാമക്കല്‍മേട് കാറ്റാടി പദ്ധതിയുടെ വൈദ്യുതി ഉല്‍പാദനം നിലച്ചു


നെടുങ്കണ്ടം: പുഷ്പക്കണ്ടം നിവാസികളും വെസ്റ്റാസ് കമ്പനിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാമക്കല്‍മേട് കാറ്റാടി പദ്ധതിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം നിലച്ചു. ഇതോടെ ദിനേന ഒരു ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നഷ്ടമാകുന്നത്. ഇവിടെ വൈദ്യുതി ഉല്‍പാദനം നിലച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. നെടുങ്കണ്ടം സബ്സ്റ്റേഷനില്‍നിന്ന് കാറ്റാടി യന്ത്രങ്ങളിലേക്ക് കടത്തിവിടുന്ന വൈദ്യുതി നാട്ടുകാര്‍ തടഞ്ഞതാണ് ഉല്‍പാദനം നിലക്കാന്‍ കാരണം. കാറ്റാടികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ആവശ്യമാണ്. നെടുങ്കണ്ടം സബ്സ്റ്റേഷനില്‍നിന്ന് കാറ്റാടിയിലേക്ക് വൈദ്യുതി എത്തിച്ച് ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഇതേ ലൈനില്‍കൂടി തിരികെ സബ് സ്റ്റേഷനില്‍ എത്തിക്കുകയാണ് പതിവ്.
 നിലവില്‍ കാറ്റാടികളിലേക്ക് എത്തിക്കുന്ന വൈദ്യുതിയാണ് പുഷ്പക്കണ്ടത്തിന് സമീപം തടഞ്ഞിരിക്കുന്നത്. വിഷു ദിനത്തില്‍ കാറ്റാടി പദ്ധതിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളില്‍നിന്ന് വൈദ്യുതി പ്രവഹിച്ച് പുഷ്പക്കണ്ടം മേഖലയില്‍ ചില വീട്ടുപകരണങ്ങള്‍ തകരാറായി. പ്രദേശവാസികള്‍ക്കുണ്ടായ ഈ നഷ്ടം കാറ്റാടി കമ്പനി നികത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, വൈദ്യുതി ലൈനുകളില്‍  പക്ഷികള്‍ വന്നിരുന്നതാകാം വൈദ്യുതി പ്രവാഹത്തിന് കാരണമെന്നും വൈദ്യുതി പോസ്റ്റുകളില്‍ സമീപവാസികള്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഹോസുകളിലൂടെയും മറ്റും പ്രവഹിച്ച വൈദ്യുതി മൂലമാണ് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നുമാണ് കാറ്റാടി കമ്പനി അധികൃതര്‍ പറയുന്നത്. തര്‍ക്കം രൂക്ഷമായതോടെ കാറ്റാടികളിലേക്കുള്ള വൈദ്യുതി നാട്ടുകാര്‍ തടയുകയായിരുന്നു. പുഷ്പക്കണ്ടത്തിനു സമീപം വൈദ്യുതി തടസ്സപ്പെടുത്തിയതോടെ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. 
രാമക്കല്‍മേട് കാറ്റാടി പദ്ധതിയില്‍ അണക്കര, പുഷ്പക്കണ്ടം, കുരുവിക്കാനം എന്നിവിടങ്ങളിലായി 750 കിലോ വാട്ട് ശേഷിയുള്ള 19 കാറ്റാടികളാണ് സ്ഥാപിച്ചിരിക്കുന്നത്. വെസ്റ്റാസിന്‍െറ നേതൃത്വത്തില്‍ നിര്‍മിച്ചിരിക്കുന്ന കാറ്റാടികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. കൂടുതല്‍ കാറ്റ് ലഭിക്കുമ്പോള്‍ ദിനേന മൂന്നു ലക്ഷം യൂനിറ്റ് വൈദ്യുതിവരെ ഉല്‍പാദിപ്പിക്കും. ഇവ 3.14 രൂപ നിരക്കില്‍ വൈദ്യുതി വകുപ്പ് വാങ്ങുകയാണ്. നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് സമീപവാസികള്‍.  പ്രശ്നം പരിഹരിക്കേണ്ടത് കാറ്റാടി കമ്പനിയാണെന്ന നിലപാടിലാണ് വൈദ്യുതി വകുപ്പ്.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT