തുണ്ടുഭൂമികളില്‍ വീട് നിര്‍മാണ അനുമതിയില്ല; ആയിരക്കണക്കിന് അപേക്ഷകര്‍ വലയുന്നു

തിരുവനന്തപുരം: തുണ്ടുഭൂമികള്‍ വാങ്ങി വീട് നിര്‍മിക്കാന്‍ അപേക്ഷ നല്‍കിയ ആയിരക്കണക്കിനാളുകള്‍ കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റ് കിട്ടാതെ വലയുന്നു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വസ്തു മുറിച്ചുവാങ്ങിയവര്‍ക്കാണ് ഈ ഗതികേട്. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യം നിലനില്‍ക്കേയാണ് വാങ്ങിയ പുരയിടത്തില്‍ വീട് നിര്‍മിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നിഷേധിക്കുന്നത്. സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയകളും വസ്തു ഉടമകളും പ്ളോട്ടുകളാക്കി നല്‍കിയ തുണ്ടുഭൂമികള്‍ക്കാണ് ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പെര്‍മിറ്റ് നിഷേധിച്ചിരിക്കുന്നത്. കെട്ടിടം നിര്‍മിക്കാന്‍ പ്ളാനുമായി തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് പ്ളോട്ട് തിരിച്ച വസ്തുക്കള്‍ക്ക് പെര്‍മിറ്റ് നല്‍കില്ളെന്ന് അറിയിച്ചത്. ഇതിന്‍െറ മറവില്‍ വന്‍ ക്രമക്കേടാണ് തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതെന്നാണ് വിവരം. 

 25 സെന്‍റ് വസ്തു മൂന്നുപേര്‍ക്ക് നല്‍കിയതിനുപോലും പെര്‍മിറ്റ് നിഷേധിച്ചു. പ്ളോട്ട് തിരിച്ച് ഭൂമി നല്‍കുമ്പോള്‍ ആറുമീറ്റര്‍ റോഡ് നിര്‍മിച്ച ശേഷമേ വസ്തു വില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്ക് എത്തുന്നവരോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നത്. പൊതുറോഡിന് മൂന്നുമീറ്റര്‍ വീതിയുള്ളപ്പോള്‍ അതിനുള്ളില്‍ പ്ളോട്ടാക്കുന്ന വസ്തുവിന് ആറ് മീറ്റര്‍ വീതി ഉള്‍പ്പെടുത്തേണ്ടതിന്‍െറ ആവശ്യമുണ്ടോ എന്ന് ഭൂവുടമകള്‍ ചോദിക്കുന്നു. മൂന്ന് മീറ്റര്‍ റോഡുള്ള ഒരു സെന്‍റ് ഭൂമി ഒരുലക്ഷം രൂപക്ക് കിട്ടുമ്പോള്‍ ആറ് മീറ്റര്‍ റോഡുള്ള ഭൂമിക്ക് അതിന് ഇരട്ടിയിലേറെ വിലനല്‍കേണ്ടിവരുമെന്നും സാധാരണക്കാരന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയില്ളെന്നുമാണ് ഇക്കൂട്ടര്‍ പരാതിപ്പെടുന്നത്.

 ഒരേക്കറിലധികം വസ്തു മുറിച്ച് പ്ളോട്ടുകളായി നല്‍കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പ്ളോട്ട് ലേഒൗട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി വസ്തു വില്‍പന നടത്തണമെന്നാണ് ചട്ടം. പ്ളോട്ട് തിരിച്ച് വസ്തുവില്‍പന നടത്തിയവര്‍ക്കോ വസ്തുവാങ്ങിയവര്‍ക്കോ ഇതേക്കുറിച്ച് അറിവില്ലാതെ പോയതാണ് ഇത്തരത്തിലുള്ളവര്‍ കുഴഞ്ഞത്. പ്ളോട്ടുതിരിച്ചുള്ള വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പില്‍നിന്നും വസ്തു വാങ്ങുന്നവരെ അറിയിച്ചിരുന്നെങ്കില്‍ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമായിരുന്നു. വയല്‍ നികത്തിയ ഭൂമിയില്‍വരെ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ പ്ളോട്ടുകളില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ വാക്കേറ്റവും കൈയാങ്കളിയുംവരെ നടന്നിട്ടുണ്ട്.
 വസ്തുക്കള്‍ പ്ളോട്ട് തിരിച്ച് നല്‍കിയ ഭൂവുടമ ലേഒൗട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ളെന്ന കാരണത്താല്‍ വസ്തുവാങ്ങിയ ഭൂവുടമകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നിഷേധിച്ചതിലേറെയും വിദേശ മലയാളികളാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.