പുറന്തള്ളല്‍ വികസനത്തിനെതിരെ സമര കേരളം കൂടിയിരിക്കുന്നു

കോഴിക്കോട്: കോര്‍പറേറ്റുകളുടെ വിഭവ ചൂഷണത്തിനും സ്വകാര്യ മൂലധനത്തിന്‍റെ അനിയന്ത്രിതമായ വികാസത്തിനും വഴിയൊരുക്കുന്ന വികസന നയങ്ങള്‍ക്കെതിരെ കേരളത്തിലെ വിവിധ ജനകീയ സമര പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. ‘പുറം തള്ളല്‍ വികസനത്തിന് ഒരറുതി,ജനകീയ വികസനത്തിന് ഒരു മാനിഫെസ്റ്റോ: സമര കേരളം കൂടിയിരിക്കുന്നു’ എന്ന പേരില്‍ ഏപ്രില്‍ 23,24 തിയ്യതികളില്‍ കോഴിക്കോട് പരിപാടി സംഘടിപ്പിക്കുമെന്ന് സമരസമിതി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

23ന് വൈകിട്ട് 5.00 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ഝാര്‍ഖണ്ഡിലെ പ്രമുഖ ആദിവാസി പ്രവര്‍ത്തക ദയാമണി ബിര്‍ള പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി   ‘ഒക്യുപൈ കേരളം’ എന്ന പേരില്‍ കേരളത്തിലെ വിവിധ ജനകീയ സമര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന മാര്‍ച്ച് നഗരത്തില്‍ നടക്കും. രാത്രി 8.00ന് വയനാട്ടില്‍ നിന്നുള്ള ആദിവാസി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ‘നലിമ’ നാടകം നളന്ദ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.  

കേരളം പിന്തുടരുന്ന വികസന മാതൃകകളുടെ പ്രശ്നങ്ങള്‍ തുറന്നുകാണിക്കുകയും മനുഷ്യരെയും പരിസ്ഥിതിയെയും പുറന്തള്ളാത്ത സ്ഥായിയായ വികസന സങ്കല്‍പങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന കരട് മാനിഫെസ്റ്റോയുടെ അവതരണം ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.

24ന് രാവിലെ പ്രമുഖ സാമൂഹ്യ വികസന ചിന്തകന്‍ സാഗര്‍ധാര സംസാരിക്കും. തുടര്‍ന്ന് കരട് മാനിഫെസ്റ്റോയിലെ വിവിധ വിഷയങ്ങങ്ങള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടക്കും. ഇതില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പെടുത്തി തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള സമൂഹത്തിനു മുന്നില്‍ വെക്കാവുന്ന നയരേഖക്ക് രൂപം നല്‍കും. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഈ നയരേഖ എത്തിക്കുകയും വിപുലമായ സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ.ആസാദ് (അധിനിവേശ പ്രതിരോധ സമിതി), എസ്. ശരത് (കേരളീയം മാസിക), ബാലകൃഷ്ണന്‍ (കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി), അനുഷ കെ.പി (യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍) എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.