കാത്തിരിപ്പുവേളകള്‍ ആനന്ദകരമാക്കി എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന്‍

കൊച്ചി: സമയംതെറ്റി ഓടുന്ന ട്രെയിന്‍ കാത്ത് മണിക്കൂറുകള്‍ ചൂടും വിയര്‍പ്പും സഹിച്ച് സ്റ്റേഷനില്‍ നില്‍ക്കുന്ന കാര്യം മറന്നേക്കൂ. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലെ പതുപതുത്ത സോഫയിലിരുന്ന് വേണമെങ്കില്‍ ഒന്നു മയങ്ങാം. കാശ് മുടക്കില്ലാതെ നെറ്റ് ബ്രൗസ് ചെയ്യാം, ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാം. ചൂടും ബഹളവും സഹിക്കവയ്യാതെ അലറിവിളിക്കുന്ന കുട്ടികളെ അച്ചടക്കം പഠിപ്പിച്ചും ക്ഷീണിക്കേണ്ട. വിശ്രമമുറിയിലേക്ക് പോകാം. സ്വസ്ഥമായിയിരുന്ന് കുഞ്ഞുങ്ങളെ മുലയൂട്ടാം. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും തയാര്‍. യാത്രയുടെ രസംകെടുത്തുന്ന സാഹചര്യങ്ങളെ എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമമുറിയും അതിവേഗ വൈഫൈ സേവനവും ഒരുക്കി മറികടക്കാന്‍ ശ്രമിക്കുകയാണ് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന്‍.
റെയില്‍വേയും കുടുംബശ്രീയും ചേര്‍ന്നാണ് എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമമുറി സജ്ജമാക്കിയത്. മണിക്കൂറിന് 20 രൂപ ഈടാക്കും. ട്രെയിന്‍ വരുന്നതും പോകുന്നതും സംബന്ധിച്ച അനൗണ്‍സ്മെന്‍റ് മുറിക്കുള്ളില്‍ കേള്‍ക്കില്ല എന്നത് മാത്രമാണ് പ്രശ്നം. എന്നാല്‍, ട്രെയിനുകള്‍ വരുന്നതും പോകുന്നതും അനുസരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടവിട്ട് അറിയിപ്പ് നല്‍കുന്നതിനാല്‍ അതിനെക്കുറിച്ചും പേടിക്കേണ്ട. 

റെയില്‍വേ കമേഴ്സ്യല്‍ വിഭാഗവും കുടുംബശ്രീ സ്വാശ്രയ സംഘവും ലാഭം പങ്കിടല്‍ വ്യവസ്ഥയിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. റെയില്‍വേയാണ് സ്ഥലവും കെട്ടിടവും നല്‍കിയത്. ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കിയത് കുടുംബശ്രീയും. മൊത്തം വരവിന്‍െറ 80 ശതമാനം കുടുംബശ്രീയും ശേഷിക്കുന്ന 20 ശതമാനം റെയില്‍വേയും പങ്കിടും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടക്കം. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് കൂടുതല്‍ സീറ്റും സൗകര്യങ്ങളും സജ്ജമാക്കും. ട്രെയിനുകളുടെ സമയക്രമം, പ്ളാറ്റ്ഫോം, കോച്ച് പൊസിഷന്‍, അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെ കാര്യങ്ങള്‍ അറിയുന്നതിനുള്ള സംവിധാനവും ഉടന്‍ തയാറാക്കും. 
 ഗൂഗിളുമായി കൈകോര്‍ത്ത് പൊതുമേഖല സ്ഥാപനമായ റെയില്‍ടെല്ലാണ് ഹൈസ്പീഡ് വൈഫൈ സേവനത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ സേവനം ലഭ്യമായിത്തുടങ്ങി. ഇതോടെ ദക്ഷിണേന്ത്യയില്‍ വൈഫൈ ലഭ്യമാക്കുന്ന ആദ്യ സ്റ്റേഷനെന്ന ഖ്യാതിയും എറണാകുളം സൗത് ജങ്ഷന് സ്വന്തം. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ സേവനം ലഭിക്കും. ആദ്യ ഒരു മണിക്കൂറാണ് സൗജന്യ സേവനം. 30 മുതല്‍ 50 എം.ബി.പി.എസ് വരെ വേഗത ലഭിക്കും. കൂടുതല്‍ സമയം സൗജന്യ സേവനം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.