അധ്യാപക പരിശീലനം: ഡി.പി.ഐ പട്ടികയില്‍ എസ്.സി.ഇ.ആര്‍.ടിയുടെ തിരിമറി

തിരുവനന്തപുരം: അവധിക്കാല അധ്യാപക പരിശീലനത്തിന് നേതൃത്വം നല്‍കാനുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്‍െറ (എസ്.ആര്‍.ജി) പട്ടികയില്‍ എസ്.സി.ഇ.ആര്‍.ടിയുടെ തിരിമറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ പട്ടിക മാറ്റിവെച്ച് എസ്.സി.ഇ.ആര്‍.ടി സ്വന്തംനിലക്ക് പട്ടിക തയാറാക്കുകയായിരുന്നു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. ഡി.ഡി.ഇമാര്‍ സമര്‍പ്പിച്ച പേരുകളില്‍നിന്ന് അധ്യാപക സംഘടനാ പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഡി.പി.ഐ പട്ടിക തയാറാക്കി എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ക്ക് കൈമാറിയത്.

എന്നാല്‍, ഇതിനു കാത്തുനില്‍ക്കാതെ എസ്.സി.ഇ.ആര്‍.ടി സ്വന്തംനിലക്ക് പട്ടിക തയാറാക്കുകയായിരുന്നു. ഇടക്കാലത്ത് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നയാളാണ് സ്വന്തം നിലക്ക് പട്ടിക തയാറാക്കുന്നതിനു നേതൃത്വം നല്‍കിയതെന്നാണ് ആക്ഷേപം. ശനിയാഴ്ചയാണ് വിവിധ കേന്ദ്രങ്ങളില്‍ എസ്.ആര്‍.ജി പരിശീലനം തുടങ്ങിയത്. എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ പട്ടികയിലെ എസ്.ആര്‍.ജിമാരില്‍ ഭൂരിഭാഗവും ശനിയാഴ്ച എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പില്‍ ആയതിനാല്‍ പരിശീലനവും വഴിപാടായി.

പലവിഷയങ്ങള്‍ക്കും പകുതിപ്പേര്‍ പോലും പരിശീലനത്തില്‍ പങ്കെടുത്തില്ല. 40 പേരെ എസ്.ആര്‍.ജിമാരായി നിയോഗിച്ച ബയോളജിയില്‍ പരിശീലനത്തിന് ആദ്യദിനം എത്തിയത് 12 പേര്‍ മാത്രമായിരുന്നു. ഇംഗ്ളീഷിന് 13പേരും ഫിസിക്സില്‍ 14 പേരുമാണ് ആദ്യദിനം എത്തിയത്. പരിശീലനം ലഭിച്ച എസ്.ആര്‍.ജിമാരാണ് സംസ്ഥാനത്തെ അധ്യാപക പരിശീലനത്തിന് നേതൃത്വം നല്‍കേണ്ടത്.എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം നടക്കുന്ന സമയത്തുതന്നെ എസ്.ആര്‍.ജി പരിശീലനം നടത്താന്‍ തീരുമാനിച്ചത് വിമര്‍ശവിധേയമായിരുന്നു. എസ്.സി.ഇ.ആര്‍.ടി പരിശീലനവുമായി മുന്നോട്ടുപോയതോടെ ഹാജര്‍നില നന്നേ കുറയുകയായിരുന്നു.

നാലുദിവസത്തെ പരിശീലനമാണ് എസ്.ആര്‍.ജിമാര്‍ക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ വരെ വാടകക്കെടുത്താണ് എസ്.ആര്‍.ജി പരിശീലനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.