തൃശൂരില്‍ പൂരപ്രേമികളുടെ  ഉപവാസം

തൃശൂര്‍: കൊല്ലം പരവൂരിലെ വെടിക്കെട്ടു ദുരന്തത്തിനൻെറ പശ്ചാത്തലത്തില്‍ ഉത്സവ ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടുകൾക്കും നിരോധമേർപ്പെടുത്തിയ നീക്കത്തിനെതിരെ തൃശൂരില്‍ പൂരപ്രേമികള്‍ ഉപവാസ സമരം തുടങ്ങി. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്ത് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. അപകട സാധ്യതകള്‍ ഒഴിവാക്കി പൂരം നടത്താനുള്ള സൗകര്യമൊരുക്കേണ്ടത് നാടിൻെറ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

വ.എസ്.സുനില്‍കുമാര്‍ എം.എല്‍.എ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഉപവാസ സമരത്തിന് പിന്തുണയുമായി എത്തി. ഉപവാസത്തിന് മുമ്പായി ഇവർ തൃശൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാത്രി വെടിക്കെട്ടിന് ഹൈകോടതിയും പകല്‍ ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍  കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കി തൃശൂര്‍ പൂരം വെറും ചടങ്ങായി  നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നു.   

ആനയെഴുന്നള്ളിപ്പിനുകൂടി  കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.  പകല്‍ പത്ത് മുതല്‍ അഞ്ച് വരെ ആനയെ എഴുന്നെള്ളിക്കരുത് എന്നത് അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്നലെ വൈകുന്നേരമാണ് ഉത്തരവ് ഇറക്കിയത്. ഈ സാഹചര്യത്തില്‍ ഓരോ ആനയെ വീതം എഴുന്നള്ളിച്ച്  പൂരച്ചടങ്ങുകള്‍ നടത്തിയെന്ന് വരുത്തും.  വനം വകുപ്പിന്‍െറ ഉത്തരവ്  ലംഘിച്ച് ചടങ്ങുകള്‍ നടത്തുമെന്നും ഇതിന്‍െറ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഹൈകോടതിയില്‍ നിന്ന് ഉണ്ടായ കടുത്ത പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാണ് അനിശ്ചിതത്വത്തിന് കാരണമായത്. വെടിക്കെട്ട് നിരോധവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഹൈകോടതിയില്‍ കേസ് പരിഗണിക്കാന്‍ ഇരിക്കെ ബുധനാഴ്ച പകല്‍ ചേര്‍ന്ന ഇരു ദേവസ്വങ്ങളുടേയും ഘടക ക്ഷേത്രഭാരവാഹികളുടേയും യോഗങ്ങള്‍ തീരുമാനപ്രകാരം കേസില്‍ കക്ഷി ചേരാന്‍ നിശ്ചയിച്ചിരിക്കെ പെട്ടെന്നാണ് മറ്റ് ചര്‍ച്ചകളൊന്നും വേണ്ടെന്നും പൂരം ചടങ്ങ് മാത്രമാക്കാനുമുള്ള  കടുത്ത നിലപാട് സ്വീകരിച്ചത്. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതോടെ പൂരത്തിന്‍െറ ആകര്‍ഷണമായ കുടമാറ്റവും വെടിക്കെട്ടും ഇല്ലാതാകുന്നത് പൂരത്തിന്‍െറ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന് ദേവസ്വങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വെടിക്കെട്ടു വിഷയം പരിശോധിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം എന്തുതന്നെയായാലും പൂരം ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന സംഘാടകരുടെ തീരുമാനത്തിനു മാറ്റമുണ്ടാകില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.