പ്രതീക്ഷിക്കാം, നല്ല മഴ

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കൊല്ലം പതിവിലും  കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. വേനല്‍ച്ചൂടില്‍ പൊരിയുന്നവര്‍ക്ക് ആശ്വാസമഴയാണിത്. അതേസമയം, ചില ഭാഗങ്ങളില്‍ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്‍സൂണ്‍ പതിവിലും ദുര്‍ബലമായിരുന്നു. അതുകൊണ്ട് കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറയുകയും വിളകള്‍ നശിക്കുകയും ചെയ്തു.

ശരാശരി 89 സെന്‍റീമീറ്റര്‍ മഴയാണ് എല്ലാ വര്‍ഷവും കിട്ടുന്നതെങ്കില്‍ ഇക്കുറി 106 ശതമാനം വര്‍ധന പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അതേസമയം, തമിഴ്നാട് അടക്കം തെക്കു കിഴക്കന്‍ മേഖലയില്‍ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ റാത്തോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സിയുടെ കാലാവസ്ഥാ പ്രവചനവും സ്വകാര്യ ഏജന്‍സികളുടെ പ്രവചനവുമായി ഇത്തവണ സമാനതയുണ്ട്. ഡല്‍ഹി കേന്ദ്രമായുള്ള സ്കൈമെറ്റും പതിവിലും കൂടിയ മഴയാണ് പ്രവചിക്കുന്നത്. ജൂണില്‍ മഴ 10 ശതമാനം വരെ കുറവായിരിക്കുമെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ തകര്‍പ്പന്‍ മഴ ഉണ്ടാകുമെന്ന് അവര്‍ പറയുന്നു.

വെള്ളം തീരെ കിട്ടാനില്ലാതെ കടുത്ത വരള്‍ച്ചക്കെടുതി നേരിടുന്ന മറാത്ത്വാഡ മേഖലയിലെ ലാത്തൂരിലേക്ക് രാജസ്ഥാനില്‍ നിന്ന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍. പൊതുവെ നല്ല കാലാവസ്ഥയുള്ള കേരളവും ഇപ്പോള്‍ അത്യുഷ്ണത്തിലാണ്. അതിനിടെയാണ് ഒന്നര മാസത്തിനപ്പുറം നല്ല മഴ കിട്ടുമെന്ന പ്രവചനങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.