തടസ്സങ്ങള്‍ നീങ്ങി; മസ്ദൂര്‍ നിയമനം ഊര്‍ജിതമാക്കും

ചെറുവത്തൂര്‍ (കാസര്‍കോട്): സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിലവില്‍വന്ന മസ്ദൂര്‍ റാങ്ക് പട്ടികയില്‍നിന്ന് നിയമനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം. അപ്രഖ്യാപിത നിയമന നിരോധത്തെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിയ റാങ്ക് പട്ടികയില്‍നിന്ന്  ഉടന്‍ നിയമനം നടത്താനുള്ള നിര്‍ദേശം പി.എസ്.സി അധികൃതര്‍ മുഴുവന്‍ ജില്ലകള്‍ക്കും നല്‍കി. രണ്ടുവര്‍ഷം മുമ്പ് നിലവില്‍വന്ന പട്ടികയില്‍നിന്ന്  നാമമാത്ര ഉദ്യോഗാര്‍ഥികളെയാണ് നിയമിച്ചിരുന്നത്.

തുടര്‍ന്ന് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, വകുപ്പ് തലവന്മാര്‍ എന്നിവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നടത്താന്‍ അധികൃതര്‍ തയാറായില്ല. ഒഴിവുകള്‍ ഇല്ളെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളെ മടക്കി അയക്കുകയായിരുന്നു പതിവ്. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. 14 ജില്ലകളിലുമായി ആകെ 1079 ഒഴിവുകളാണ് മസ്ദൂര്‍ തസ്തികയില്‍ ഉണ്ടായിരുന്നത്. വൈദ്യുതി ബോര്‍ഡ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. ഇതില്‍ 10 ജില്ലകളിലേക്ക് 735 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലാണ് 735 പേരെ ഉടന്‍ നിയമിക്കുക. കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ നാല് ജില്ലകളിലെ നിയമന ശിപാര്‍ശ മേയ് അവസാനത്തോടെ അയക്കും. 344 ഒഴിവുകളാണ് ഇവിടെയുള്ളത്. 222 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുക. 13 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേരുള്ളത്.

തിരുവനന്തപുരത്താണ് രണ്ടാംസ്ഥാനം. ഇവിടെ 215 പേര്‍ക്കാണ് നിയമന ശിപാര്‍ശ അയച്ചത്. പത്തനംതിട്ട -35, കൊല്ലം -20, എറണാകുളം -29, പാലക്കാട് -52, മലപ്പുറം -21, കണ്ണൂര്‍ -111, കാസര്‍കോട് -19 എന്നിങ്ങനെയാണ് നിയമനങ്ങള്‍ നടക്കുക. നിലവിലെ റാങ്ക് പട്ടികകളുടെ കാലാവധി  ഒരുവര്‍ഷമാണ്. പുതിയ നിയമനത്തിന് വിജ്ഞാപനം ഇറക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി അധികൃതര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.