ദേവികുളത്ത് എ.കെ. മണി, ഒറ്റപ്പാലത്ത് ഷാനിമോള്‍

തിരുവനന്തപുരം: ദേവികുളം, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പിന്മാറിയ കയ്പമംഗലത്ത് ആര്‍.എസ്.പി തന്നെ മത്സരിക്കും. പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് സീറ്റുകളില്‍ പരിഗണിക്കേണ്ടവരെയും കോണ്‍ഗ്രസ് നേതൃയോഗം നിര്‍ദേശിച്ചു. ഇടഞ്ഞുനില്‍ക്കുന്ന ഐ.എന്‍.ടി.യു.സി നേതൃത്വവുമായി ചര്‍ച്ചനടത്തിയശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ യോഗംചേര്‍ന്നാണ് തീരുമാനമെടുത്തത്.
ദേവികുളത്ത് നേരത്തെ പ്രഖ്യാപിച്ച ആര്‍. രാജാറാമിന് പകരം മുന്‍ എം.എല്‍.എ യും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ എ.കെ. മണി സ്ഥാനാര്‍ഥിയാകും. പ്രമുഖ തൊഴിലാളി നേതാവ് കൂടിയായ അദ്ദേഹത്തെ നിര്‍ത്തുന്നതിലൂടെ ഇടഞ്ഞുനില്‍ക്കുന്ന ഐ.എന്‍.ടി.യു.സി യെ മെരുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഐ.എന്‍.ടി.യു.സി താലൂക്ക് പ്രസിഡന്‍റ് ഡി. കുമാറിന്‍െറ പേരും പരിഗണിച്ചിരുന്നു. എന്നാല്‍, ഒരിടത്തെങ്കിലും മുതിര്‍ന്ന ഐ.എന്‍.ടി.യു.സി നേതാവിനെ പരിഗണിക്കണമെന്ന വിലയിരുത്തലില്‍ നേതൃത്വം എത്തുകയായിരുന്നു. തുടര്‍ന്നാണ് മണിയുടെ പേര് നിര്‍ദേശിക്കാന്‍ ധാരണയായത്. ഒറ്റപ്പാലത്ത് നേരത്തേ പ്രഖ്യാപിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി ശാന്താ ജയറാമിന് പകരം മുന്‍ എ.ഐ.സി.സി സെക്രട്ടറി കൂടിയായ മുതിര്‍ന്ന വനിതാനേതാവ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കും. രണ്ടുസീറ്റുകളിലെയും മാറ്റം ഹൈകമാന്‍ഡിനെ അറിയിച്ച് അംഗീകാരം തേടും. കയ്പമംഗലത്ത് ആര്‍.എസ്.പി നിര്‍ദേശിച്ചയാള്‍ പിന്‍വാങ്ങിയതിനെതുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനും പരിഹാരമായി. ഇവിടം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രചാരണം ഉണ്ടായെങ്കിലും സീറ്റ് ആര്‍.എസ്.പിക്കുതന്നെ നല്‍കാനാണ് തീരുമാനം.
പ്രഖ്യാപനം നടത്താതെ ഹൈകമാന്‍ഡ് ഒഴിച്ചിട്ട പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ക്ക് എ.ഐ.സി.സി അംഗീകാരം നല്‍കി. പയ്യന്നൂര്‍-സാജിദ് മൗവ്വല്‍, കാഞ്ഞങ്ങാട്-ധന്യാസുരേഷ്, കല്യാശ്ശേരി- അമൃതാരാമകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. തെരഞ്ഞെടുപ്പ് കഴിയുംവരെ പത്തനംതിട്ടയില്‍ ബാബു ജോര്‍ജിനും കോട്ടയത്ത് ജോസി സെബാസ്റ്റ്യനും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍മാരുടെ ചുമതല നല്‍കാനും തീരുമാനിച്ചു.

മനയത്ത് ചന്ദ്രന്‍ വടകരയില്‍, എലത്തൂരില്‍ കിഷന്‍ചന്ദ്
കോഴിക്കോട്: തര്‍ക്കംകാരണം മാറ്റിവെച്ച രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി ജനതാദള്‍-യു പ്രഖ്യാപിച്ചു. വടകരയില്‍ ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും എലത്തൂരില്‍ നഗരസഭാ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദുമാണ് സ്ഥാനാര്‍ഥികള്‍. അഞ്ചു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വടകര, എലത്തൂര്‍ സ്ഥാനാര്‍ഥികളെച്ചൊല്ലി സംസ്ഥാനഭാരവാഹികളുടെ യോഗത്തില്‍ കടുത്ത അഭിപ്രായഭിന്നതയാണ് രൂപപ്പെട്ടത്. വടകരയില്‍ മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരന്‍, ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ എന്നിവരാണ് അവസാനനിമിഷംവരെ രംഗത്തുണ്ടായത്. ഇരുവരെയും പിന്തുണച്ച് പാര്‍ട്ടിയില്‍ ഇരുചേരിയുമുണ്ടായതോടെ തീരുമാനമെടുക്കുന്നത് നീണ്ടു. പാര്‍ലമെന്‍ററി ബോര്‍ഡ് അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്താണ് ഒടുവില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

കയ്പമംഗലത്ത്  മുഹമ്മദ് നഹാസ് ആര്‍.എസ്.പി സ്ഥാനാര്‍ഥി
കയ്പമംഗലം: കയ്പമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ആര്‍.എസ്.പി വിദ്യാര്‍ഥി വിഭാഗമായ പി.എസ്.യുവിന്‍െറ മുന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ടി. മുഹമ്മദ് നഹാസിനെ നിശ്ചയിച്ചു.  2007, 2011 കാലത്ത്  പി.എസ്.യുവിന്‍െറ സംസ്ഥാന പ്രസിഡന്‍റായിരുന്ന മുഹമ്മദ് നഹാസ് മണ്ണര്‍ക്കാട് ചിറക്കല്‍പടി സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന്  എം.എ കഴിഞ്ഞ ഇദ്ദേഹം ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍  ഗവേഷണ വിദ്യാര്‍ഥിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.