സ്വകാര്യ കമ്പനികള്‍ക്കും കരിമണല്‍ ഖനനമാകാം – സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉപാധികളോടെ കരിമണല്‍ ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംയുക്ത സംരംഭങ്ങളെയും പരിഗണിക്കണമെന്ന ഹൈകോടതി വിധിക്കെതിരെ കേരളം നല്‍കിയ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിധി.
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഗോപാല്‍ ഗൗഡയും സ്വകാര്യമേഖലയെയും പരിഗണിക്കണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ആര്‍. ഭാനുമതി വിയോജിപ്പ് രേഖപ്പെടുത്തി. പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതില്‍ കോടതി ഇടപെടുന്നത് ശരിയല്ളെന്നുമാണ് വിയോജനക്കുറിപ്പ്.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍ ലിമിറ്റഡ്-കെ.എസ്.ഐ.ഡി.സി  സംയുക്ത സംരംഭമായ കേരള റെയര്‍ എര്‍ത്ത് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് ഖനനാനുമതിക്ക് നല്‍കിയ അപേക്ഷ പരിഗണിക്കണമെന്ന ഹൈകോടതി വിധിക്കെതിരെയാണ്  സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി  സ്വകാര്യ മേഖലക്ക് ഖനനത്തിന് അനുമതി നല്‍കാമെങ്കിലും ഖനനം നടത്താവുന്ന സ്ഥലം, അളവ്,കമ്പനി എന്നിവ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്ന് വ്യക്തമാക്കി.  
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാത്രം അനുമതിയുണ്ടായിരുന്ന കരിമണല്‍ ഖനനത്തിന്  പൊതുമേഖലാ പങ്കാളിത്തമുള്ള സംരംഭങ്ങള്‍ക്കുകൂടി അനുമതി നല്‍കി 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. വിവാദ വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ വഴിവിട്ട് ഉത്തരവിറക്കിയതാണെന്ന ആക്ഷേപം ശക്തമായിരുന്നു. തുടര്‍ന്ന് തീരദേശവാസികളും മത്സ്യത്തൊഴിലാളി-പരിസ്ഥിതി സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തത്തെിയതോടെ സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിച്ചു.   ഇതിനെതിരെ സ്വകാര്യ വ്യവസായി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി സംയുക്ത സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.