പൊലീസിന്‍െറ ചരിത്ര സൂക്ഷിപ്പുകളുമായി മ്യൂസിയം ഒരുങ്ങുന്നു

കോഴിക്കോട്: ബ്രിട്ടീഷ് ഭരണകാലത്തെ മദ്രാസ് പൊലീസിന്‍െറ കാല്‍ശരായിയും തൊപ്പിയും ബെല്‍റ്റും ഇനി നേരില്‍ കാണാം. പൊലീസിന്‍െറ ചരിത്ര സൂക്ഷിപ്പുകള്‍ സംരക്ഷിക്കാന്‍ കോഴിക്കോട്ട് ഒരുങ്ങുന്ന സംസ്ഥാനത്തെ മൂന്നാമത്തെ മ്യൂസിയത്തിലാണ് അപൂര്‍വ ശേഖരങ്ങള്‍. 1886ല്‍ ഉപയോഗിച്ചിരുന്ന ചുവപ്പ് ബെല്‍റ്റ്, പെന്‍ഷന്‍ തുകയായി അഞ്ച് ഉറുപ്പികയും ആറ് അണയും അനുവദിച്ചതില്‍ 14 അണ കിട്ടാത്തതുമായി ബന്ധപ്പെട്ട് നടത്തിയ എഴുത്തുകുത്ത് തുടങ്ങി നിരവധി ശേഷിപ്പുകള്‍ ഇതിനകം ലഭിച്ചു.  

മാട്ടാങ്കോട്ട് പുതിയ വീട്ടില്‍ കുഞ്ഞമ്പുവിന്‍െറ മകന്‍ പി. കണാരന്‍ 1880-1902 കാലങ്ങളില്‍ കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്തതിന്‍െറ അവശേഷിപ്പുകളാണ് പേരക്കുട്ടിയും പ്രമുഖ മരവ്യവസായിയുമായ പി.വി. ലക്ഷ്മണന്‍ കഴിഞ്ഞദിവസം സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറിയത്. നിലവിലെ വയനാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, മലപ്പുറം, പാലക്കാട് പൊലീസ് ജില്ലകളുള്‍പ്പെടുന്ന 1939ലെ കോഴിക്കോട് പൊലീസ് ജില്ലയുടെ ഭൂപടം, 1857ലെ കണ്ണൂര്‍ കന്‍േറാണ്‍മെന്‍റിന്‍െറ ഭൂപടം എന്നിവ പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ബാവ രഞ്ജിത്ത് വഴിയും ലഭിച്ചു.

ജില്ല ക്രൈം റെക്കോഡ് ബ്യൂറോയുടെ മേല്‍നോട്ടത്തിലാണ് മ്യൂസിയം ആരംഭിക്കുന്നത്. കമീഷണര്‍ ഓഫിസ് കെട്ടിടത്തിന് പിന്നിലുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പഴയ കെട്ടിടമാണ് മ്യൂസിയത്തിനായി ഉപയോഗിക്കുന്നത്. ക്രൈം, ആര്‍ക്കൈവ്സ്, ചരിത്രം, ബാഡ്ജ് ആന്‍ഡ് റാങ്ക്, വാര്‍ത്തകളിലൂടെ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മ്യൂസിയം ഒരുക്കുന്നത്. നിലവില്‍ കൊല്ലത്തും തൃശൂര്‍ പൊലീസ് അക്കാദമിയിലുമുള്ള മ്യൂസിയങ്ങളുടെ മാതൃകയിലാണ് ഇവിടെയും സ്ഥാപിക്കുന്നത്. 130 വര്‍ഷങ്ങളുടെ ചരിത്രമുള്ള പൊലീസിന്‍െറ ബെല്‍റ്റും രേഖകളുമാണ് കഴിഞ്ഞദിവസം മ്യൂസിയത്തിന്‍െറ അണിയറപ്രവര്‍ത്തകര്‍ ശേഖരിച്ചത്.

1998ല്‍ സര്‍വിസില്‍നിന്ന് വിരമിച്ച സി.ഐ. വിജയമണിയുടെ മകന്‍ സുധീഷും പൊലീസ് മ്യൂസിയത്തിലേക്ക് പൈതൃകങ്ങള്‍ കൈമാറി. പൊലീസിന്‍െറ ചരിത്രപ്രസിദ്ധമായ ട്രൗസര്‍, ചുവപ്പ് ബെല്‍റ്റ്, വിസില്‍, ബട്ടനുകള്‍ എന്നിവയാണ് സുധീഷ് നല്‍കിയത്. കോണ്‍സ്റ്റബ്ള്‍മാരും ഹെഡ്കോണ്‍സ്റ്റബ്ള്‍മാരും ഉപയോഗിച്ചിരുന്ന ചുവപ്പ് ബെല്‍റ്റുകള്‍, പഴയ മലയാള ലിപിയില്‍ 1940ല്‍ തയാറാക്കിയ പൊലീസ് നടപടിക്രമ രേഖ എന്നിവയും ബാവ രജ്ഞിത്ത് നല്‍കി. ബോംബ് സ്ക്വാഡ് എസ്.ഐ എം. പ്രേമാനന്ദനും പൊലീസ് ആര്‍ട്ടിസ്റ്റ് പ്രേംദാസ് ഇരുവള്ളൂരും ചേര്‍ന്നാണ് പൈതൃക ശേഖരണം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.