യമന്‍ കൂട്ടക്കൊലക്കു പിന്നില്‍ ഐ.എസ് ആണെന്ന് പറയാനാവില്ല –ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്‍

താമരശ്ശേരി: യമനിലെ ഏദനില്‍ ഇന്ത്യന്‍ കന്യാസ്ത്രീയടക്കം 16  പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍െറ പിന്നില്‍ ഐ.എസ് ആണെന്ന് തീര്‍ത്തുപറയാനാവില്ളെന്ന്  ആറുവര്‍ഷമായി മിഷനറീസ് ഓഫ് ചാരിറ്റീസിന്‍െറ യമനിലെ കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന കോടഞ്ചേരിയിലെ ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്‍ മാധ്യമത്തോടു പറഞ്ഞു. യമനില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്ന നിരവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ രാജ്യമാണ് യമന്‍. യുദ്ധവും തീവ്രവാദഗ്രൂപ്പുകളുടെയും ഐ.എസിന്‍െറ ആക്രമണങ്ങളും മൂലം സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണിവിടെ.
യമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സെന്‍ററുകള്‍ ആരംഭിക്കുന്നത് ആ സര്‍ക്കാര്‍ മദര്‍ തെരേസയോട് നേരിട്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ്. മദര്‍ യമനിലത്തെി അനുയോജ്യമായ സ്ഥലം കണ്ടത്തെി യമന്‍  സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. എദന്‍, തായ്സ്, ഹൊഡൈക്സ് എന്നിവിടങ്ങളിലാണ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഏദനില്‍ ദാരുണ സംഭവം നടക്കുമ്പോള്‍ 170 കി.മീറ്റര്‍ ദൂരെയുള്ള തായ്സ് സെന്‍ററിലായിരുന്നു ഫാദര്‍. തലനാരിഴക്ക് രക്ഷപ്പെട്ട മലയാളിയായ സിസ്റ്റര്‍ ശാലി ജോസ് വിളിച്ചുപറഞ്ഞാണ് സംഭവമറിയുന്നത്. വെടിവെപ്പ് നടക്കുമ്പോള്‍ സ്റ്റോര്‍ റൂമിലായിരുന്ന സിസ്റ്റര്‍ കതകിനുപിന്നില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് ആക്രമികളുടെ കണ്ണില്‍ പെടാതെ പോയത്. പാചകക്കാരായ രണ്ട് യമന്‍ സ്ത്രീകളെ വെടിവെച്ച് കൊല്ലുന്നത് സിസ്റ്റര്‍ കതകിനിടയിലൂടെ കണ്ടിരുന്നു. അതില്‍ ഒരു സ്ത്രീയുടെ 12 വയസ്സായ മകനും കൂടെയുണ്ടായിരുന്നു. അമ്മ മരിച്ചുവീഴുന്നത് കണ്ട കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണ്. റുവാണ്ട സ്വദേശികളായ രണ്ട് സിസ്റ്റര്‍മാരും കെനിയക്കാരിയായ ഒരു സിസ്റ്ററും റാഞ്ചി സ്വദേശിയായ ഒരു സിസ്റ്ററുമാണ് കൊല്ലപ്പെട്ടത്.

സിസ്റ്റര്‍ ശാലി ജോസിനെ ജോര്‍ഡനിലെ അമാസിലുള്ള സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. ചാപ്പലില്‍ പ്രാര്‍ഥിക്കുമ്പോഴാണ് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമല്ല. കന്യാസ്ത്രീകളെക്കൂടാതെ, മരിച്ച 12 പേരും തദ്ദേശവാസികളായ ജീവനക്കാരാണ്. വൃദ്ധ സദനമെന്നാണ് അറിയപ്പെടുന്നതെങ്കിലും സമൂഹം പുറംതള്ളിയ രോഗികള്‍, വികലാംഗര്‍, യുദ്ധവും ഭീകരാക്രമണവും മൂലം ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, യുദ്ധക്കെടുതിയില്‍ മുറിവേറ്റവര്‍ തുടങ്ങിയവരാണ് സെന്‍ററുകളിലെ അന്തേവാസികള്‍.

തായ്സ് ഉള്‍പ്പെടുന്ന പ്രദേശം സൗദിയുടെ നേതൃത്വത്തിലുള്ള വിമോചനസേന കൈയടക്കിയതോടെ അവിടത്തെ അന്തേവാസികളെ ഏദനിലേക്കു മാറ്റിയിരിക്കുകയാണ്. സെലേഷന്‍ ഓഫ് ഡോണ്‍ ബോസ്കോയിലെ അംഗങ്ങളാണ് ഫാ. ജോര്‍ജ് മുട്ടത്തുപറമ്പിലും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോമും. മിഷനറീസ് ഓഫ് ചാരിറ്റി കോഓഡിനേറ്റര്‍മാരായാണ് ഇവര്‍ യമനില്‍ പ്രവര്‍ത്തിക്കുന്നത്. 30 വര്‍ഷമായി യമനില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മത പരിവര്‍ത്തനം എന്ന അജണ്ടയില്ല. വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സെന്‍ററുകളിലേക്ക് പെരുന്നാള്‍ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പ്രദേശവാസികള്‍ ഭക്ഷണക്കിറ്റുകളുമായി എത്താറുണ്ടെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഫാ. ജോര്‍ജ് നാട്ടിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.