വാഗമണ്‍ സിമി ക്യാമ്പ് : പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി

കൊച്ചി: ബംഗളൂരുവില്‍ അറസ്റ്റിലായ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയെ എന്‍.ഐ.എ സംഘം ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങി. കേസിലെ 38ാം പ്രതി അഹ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദിയെയാണ് (37) കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
ഇയാളെ ചോദ്യംചെയ്യാന്‍ എറണാകുളം പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ചോദ്യംചെയ്യാനാണ് എന്‍.ഐ.എക്ക് അനുമതി നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം പ്രൊഡക്ഷന്‍ വാറന്‍റില്‍ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കിയശേഷമാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനിയും പിടിയിലാകാനുള്ള പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ചോദ്യംചെയ്യല്‍.
2014ല്‍ ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റ് ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ജനുവരിയിലാണ് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. മൂന്നുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബംഗളൂരുവില്‍ എയര്‍കണ്ടീഷന്‍ മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്ന അഫ്രീദിയെ രഹസ്യവിവരത്തത്തെുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍പാറയില്‍ സിമി ക്യാമ്പ് സംഘടിപ്പിച്ചെന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ കേസുള്ളത്. ഈ കേസില്‍ അഫ്രീദി അടക്കം മൂന്നുപേര്‍ക്കെതിരെ ജനുവരിയിലാണ് എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം നല്‍കിയശേഷമാണ് അഫ്രീദി പിടിയിലാകുന്നത്. പിടിയിലാകുന്നതിനുമുമ്പ് ഇയാള്‍ കൊച്ചി സന്ദര്‍ശിച്ചുവെന്ന വിവരം ലഭിച്ചതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ എന്നാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.