മറുനാടന്‍ തൊഴിലാളിയുടെ കൊല: രണ്ടു പേര്‍ ഒഡിഷയില്‍ പിടിയില്‍

കോഴിക്കോട്: പെരിങ്ങളം കുരിക്കത്തൂര്‍ കള്ളുഷാപ്പിനടുത്ത് വാടക മുറിയില്‍ ഒഡിഷ തൊഴിലാളി കൊലചെയ്യപ്പെട്ട കേസില്‍ കൂടെ താമസിച്ച രണ്ടു മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍. ഒഡിഷക്കാരനായ സാഗിറിനെ (45) കഴുത്തില്‍ മുണ്ടുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടെ താമസിച്ച ഒഡിഷ കുര്‍ദ പല്ലാ ഗ്രാമപഞ്ചായത്തിലെ ബാബുലി ബസ്ത്യ(30), ലോകേഷ്പുര്‍ സ്വദേശി സുശാന്ത്കുമാര്‍ ബഹ്റ (25) എന്നിവരെയാണ് ചേവായൂര്‍ സി.ഐ, എ.വി. ജോണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം ഒഡിഷയില്‍ ചെന്നു പിടികൂടിയത്. കൊലക്കു കാരണം വാടക കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
 കൊല്ലപ്പെട്ട സാഗിറിന്‍െറ ഫോണില്‍നിന്നു കിട്ടിയ നമ്പര്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും പേരുവിവരങ്ങള്‍ കിട്ടാതെ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ മാസം 14നാണ് അഴുകിയ നിലയില്‍ മൃതദേഹം  കണ്ടത്തെിയത്. ദുര്‍ഗന്ധം കാരണം കെട്ടിട ഉടമ മുറിതുറന്നു പരിശോധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന രണ്ടു ഒഡിഷക്കാരെ സംഭവത്തിനുശേഷം കാണാതായതായി കണ്ടത്തെിയെങ്കിലും  ഇവരുടെ വിവരം കിട്ടിയിരുന്നില്ല.
സാഗിറിന്‍െറ മുറിയില്‍ മദ്യക്കുപ്പി, ഗ്ളാസ്, പ്ളാസ്റ്റിക് ബക്കറ്റ് എന്നിവ കിടക്കുന്നത് പൊലീസ് കണ്ടത്തെിയിരുന്നു. മൂന്നു മാസം മുമ്പാണ് ഇയാള്‍ മുറിയെടുത്തത്. സുഹൃത്തുക്കള്‍ തൊട്ടടുത്ത മുറിയിലും താമസം തുടങ്ങി.  മൂവരും കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സാഗിറാണ് പ്രതികള്‍ക്ക് മുറി കിട്ടാന്‍ ഒത്താശ ചെയ്തത്. തലേ മാസത്തെ വാടക കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംഭവ ദിവസം വാക്കേറ്റമുണ്ടായിരുന്നു. പണം കടംകൊടുത്തതിനെപ്പറ്റിയും തര്‍ക്കമുണ്ടായി. ഇതിന്‍െറ പേരിലാണ് കൊല നടന്നതെന്നും  സാഗിറിന്‍െറ കൈയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ പദ്ധതി ഇട്ടതായും പ്രതികള്‍ മൊഴി നല്‍കി. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരാഴ്ചയിലേറെ ഒഡിഷയില്‍ കറങ്ങിയാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ പിടിയിലായത് സാഹസിക അന്വേഷണത്തിനൊടുവില്‍
കോഴിക്കോട്: ഒഡിഷ തൊഴിലാളിയുടെ കൊലയില്‍ പ്രതികളെ പൊലീസ് കണ്ടത്തെിയത് ഏറെ സാഹസപ്പെട്ട്. മാര്‍ച്ച് 12ന് രാത്രി 10.30ന് പ്രതികളും കൊല്ലപ്പെട്ട സാഗിറും തമ്മില്‍ മുറിവാടകയെ സംബന്ധിച്ച് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സാഗിറിനെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊന്നത്. തുടര്‍ന്ന് അയാളുടെ ഫോണും പണവും എടുത്ത് രാത്രിതന്നെ പ്രതികള്‍ കുറ്റിക്കാട്ടൂരിലത്തെി ഓട്ടോവിളിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പാലക്കാടേക്ക് ട്രെയിനില്‍ പോയി.

പൊലീസ് പിന്തുടരുമെന്ന സംശയത്താല്‍ നിരവധി ട്രെയിനുകള്‍ മാറിക്കയറിയാണ് ഒഡിഷയിലത്തെിയത്. ഇവരെക്കുറിച്ച് ആര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെ കുന്ദമംഗലത്ത് താമസസൗകര്യം നല്‍കിയത് അന്വേഷണത്തിന് തടസ്സമായി.
ഇത് മരിച്ചയാളെ കണ്ടത്തെുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടുണ്ടാക്കി. സംഭവത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഒഡിഷ സ്വദേശികളെക്കുറിച്ച് സൂചന ലഭിച്ചത്. എന്നാല്‍, ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതോടെ അന്വേഷണം വഴിമുട്ടി. തുടര്‍ന്ന് മാങ്കാവ്, ആഴ്ചവട്ടം, പൂവാട്ടുപറമ്പ്, വലിയങ്ങാടി എന്നിവിടങ്ങളില്‍ താമസിക്കുന്ന 500ഓളം ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. പ്രതികളില്‍ ഒരാളെക്കുറിച്ച് ഇവരില്‍നിന്ന് ചില സൂചന ലഭിച്ചു. അന്വേഷണത്തില്‍ പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ നിയാലി എന്ന സ്ഥലത്ത് ഒരു പ്രാവശ്യം ഉപയോഗിച്ചതായി കണ്ടത്തെി.

തുടര്‍ന്ന് ഒഡിഷയിലെ കട്ടക്ക്, പുരി, കുര്‍ദ, ഭുവനേശ്വര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചു. തുമ്പൊന്നും ലഭിക്കാതിരുന്നതിനാല്‍ പ്രത്യേക സംഘം മടങ്ങാനൊരങ്ങുന്നതിടെ പ്രതികളിലൊരാള്‍ ഒഡിഷയിലെ പുരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പുരിയിലെ റിക്ഷാതൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടത്തൊനായത്. വേഷംമാറി രണ്ടു ദിവസം കാത്തുനിന്നശേഷമാണ് പ്രതിയായ ബാബുലി ബാസ്ത്യയെ നേരില്‍ കാണാന്‍ സാധിച്ചത്. പൊലീസാണെന്ന് മനസ്സിലായതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക സംഘത്തിന്‍െറ പിടിയിലാവുകയായിരുന്നു. ബാസ്ത്യയെ ചോദ്യം ചെയ്തതില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കുര്‍ദ ജില്ലയില്‍ മറ്റൊരു പ്രതിയായ സുശാന്ത്കുമാര്‍ ബഹ്റയുണ്ടെന്ന് മനസ്സിലായി. പൊലീസ് സ്ഥലത്തത്തെിയെങ്കിലും പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. 30 കിലോമീറ്ററോളം പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
സൈബര്‍ സെല്ലിന്‍െറയും ഒഡിഷ പൊലീസിന്‍െറയും സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായത്. നോര്‍ത് അസി. കമീഷണര്‍ കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ ചേവായൂര്‍ സി.ഐ എ.വി. ജോണിന്‍െറ കീഴില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹന്‍ദാസ്, നോര്‍ത് ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. മുഹമ്മദ് ഷാഫി, എം. സജി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ്, സുനില്‍, ചേവായൂര്‍ പൊലീസിലെ അശോക്കുമാര്‍, അബ്ദുല്‍ അസീസ്, ഉദയഭാസ്കര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.