തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതിയായിട്ടും വ്യക്തതയില്ലാതെ അധ്യാപക പാക്കേജ് ഉത്തരവ്

തിരുവനന്തപുരം: വ്യക്തത വരുത്താന്‍ ശ്രമിച്ചിട്ടും വ്യക്തതയില്ലാതെ അധ്യാപക പാക്കേജ് ഉത്തരവ്. വ്യക്തതാ ഉത്തരവിന് അനുമതി തേടി ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുവരെ അയച്ചെങ്കിലും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ആവശ്യപ്പെട്ട വ്യക്തത മാത്രം ലഭിച്ചില്ല. ഹൈകോടതി വിധിയനുസരിച്ച് അധ്യാപക പാക്കേജ് നടപ്പാക്കാമെന്നാണ് ഫയലില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയത്.

എന്നാല്‍, ആദ്യ തസ്തികക്ക് പുറമെ വരുന്ന അധിക തസ്തികകള്‍ക്ക് വേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വ്യക്തതയാണ് എ.ഇ.ഒ, ഡി.ഇ.ഒമാര്‍ തേടിയത്. ആദ്യ തസ്തികക്ക് എല്‍.പിയില്‍ 1:30ഉം യു.പിയില്‍ 1:35ഉം ഹൈസ്കൂളില്‍ 1:45 ആണ് അധ്യാപക വിദ്യാര്‍ഥി അനുപാതം. എന്നാല്‍, രണ്ടാമത്തെയും തുടര്‍ന്നുവരുന്ന തസ്തികകള്‍ക്കും വേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് ജനുവരി 29ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തതയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തതാ ഉത്തരവിന് അനുമതിതേടി ഫയല്‍ തെരഞ്ഞെടുപ്പ് കമീഷന് അയച്ചത്. എന്നാല്‍, പാക്കേജ് സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുന്നതിന് അനുമതി നല്‍കിയാണ് ഫയല്‍ കമീഷന്‍ തീര്‍പ്പാക്കിയത്. കമീഷന്‍െറ അനുമതിയെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്താണ് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കിയത്.

കുട്ടികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കുന്നതിനുപകരം ഹൈകോടതി വിധിയിലെ 84ാം ഖണ്ഡികയിലെ നിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കണമെന്നും അതില്‍ വീഴ്ചയുണ്ടാകരുതെന്നുമായിരുന്നു കത്തിലെ നിര്‍ദേശം. കത്തിലെ അതേ വാചകങ്ങള്‍ തന്നെ ഉദ്ധരിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ഇത്തരമൊരു നിര്‍ദേശത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിക്ക് കാത്തിരിക്കേണ്ടതില്ളെന്നായിരുന്നു വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പറയുന്നത്. സര്‍ക്കുലറില്‍ എന്ത് നടപടിയെടുക്കണമെന്ന വിദ്യാഭ്യാസ ഓഫിസര്‍മാരുടെ ചോദ്യങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് വ്യക്തത നല്‍കാനുമായില്ല. ആദ്യ തസ്തികയില്‍ നിയമനാംഗീകാരം നല്‍കുന്നതിന് ജനുവരി 29ലെ ഉത്തരവ് പര്യാപ്തമാണെന്നിരിക്കെ അതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തസ്തിക നിര്‍ണയത്തിനും നിയമനാംഗീകാരത്തിനുമായി മൂന്നുതവണയാണ് ഡി.പി.ഐ സര്‍ക്കാറിന് കത്ത് നല്‍കിയത്. എന്നാല്‍, പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള മറുപടി തൃപ്തികരമല്ളെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. 2011 ജൂണിനുശേഷം നിയമിതരായ ആയിരക്കണക്കിന് അധ്യാപകരാണ് തസ്തിക നിര്‍ണയത്തിനും നിയമനാംഗീകാരത്തിനുമായി കാത്തിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.