ബജറ്റ് ബാധ്യതകള്‍ ഇന്നു മുതല്‍

ന്യൂഡല്‍ഹി: ജീവിതചെലവുകള്‍ കാര്യമായി വര്‍ധിപ്പിക്കുന്ന 2016-17 സാമ്പത്തികവര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരും. ഇതോടൊപ്പം ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലെ കുറവുകൂടി ഇന്ന് പ്രാബല്യത്തിലാകുന്നതോടെ സാധാരണക്കാര്‍ക്ക് ഇരട്ടപ്രഹരമാകും.
കേന്ദ്രബജറ്റില്‍ എല്ലാ സേവനങ്ങള്‍ക്കും കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ അരശതമാനം നികുതി ചുമത്തിയിരുന്നു. നികുതിക്കല്ല സേവനത്തിനാണ് സെസ് എന്നതിനാല്‍ സേവനനികുതി നിരക്കുതന്നെ അരശതമാനം വര്‍ധിക്കും. ടെലഫോണ്‍ ബില്‍ മുതല്‍ ഭൂരിഭാഗം ഇടപാടുകളും ജോലികളും സേവന നികുതിയുടെ പരിധിയില്‍ വരുമെന്നതിനാല്‍ ഇന്നുമുതല്‍ നല്ളൊരു തുകയാകും അധികമായി നല്‍കേണ്ടിവരുക.
വാഹനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവരും ഇന്നുമുതല്‍ അധികവില നല്‍കേണ്ടിവരും. ബജറ്റില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം ആഡംബരനികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന വാങ്ങലുകള്‍ പണം നല്‍കി നടത്തിയാലും ഈ നികുതി ബാധകമാണ്. വെള്ളി ഒഴിച്ചുള്ള ആഭരണങ്ങള്‍ക്ക് ഒരു ശതമാനം എക്സൈസ് തീരുവ ചുമത്തിയതും ഇന്ന് നിലവില്‍ വരും. ചെറിയ പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി കാറുകള്‍ക്ക് ഒരു ശതമാനവും ഇടത്തരം കാറുകള്‍ക്ക് 2.5 ശതമാനവും വലിയ കാറുകള്‍ക്ക് നാലുശതമാനവും മലിനീകരണ സെസ് ഇനി നല്‍കണം.
നിക്ഷേപകരെയും ബജറ്റ് വെറുതെവിട്ടിട്ടില്ല. ഓഹരി നിക്ഷേപങ്ങളില്‍നിന്ന് വര്‍ഷം 10 ലക്ഷം രൂപയിലധികം ലാഭവിഹിതം ലഭിക്കുന്നവര്‍ 10 ശതമാനം നികുതി നല്‍കണം.
കേന്ദ്രസര്‍ക്കാറിന്‍െറ പലിശ ബാധ്യത കുറക്കാനായി ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ വരുത്തിയ വന്‍ കുറവുകളും ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. പി.പി.എഫ് ഉള്‍പ്പെടെ പല ജനപ്രിയ ദീര്‍ഘകാല നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ വരുന്ന വന്‍ കുറവ് വളരെ സാധാരണക്കാര്‍ക്കാകും കനത്ത പ്രഹരമാവുക. പി.പി.എഫ് പലിശ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. കിസാന്‍ വികാസ് പത്രയുടേത് 8.7 ശതമാനത്തില്‍നിന്ന് 7.8 ശതമനമായും മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടേത് 9.3ല്‍നിന്ന് 8.6 ശതമാനമായുമാണ് കുറച്ചത്. സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് 9.2ല്‍നിന്ന് 8.6 ശതമാനമായി കുറച്ചതും സാധാര നിക്ഷേപകര്‍ക്ക് കനത്ത പ്രഹരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.