മലപ്പുറം ജില്ലാ കലക്ടറെ സ്ഥലം മാറ്റുന്നത് ഹൈകോടതി തടഞ്ഞു


കൊച്ചി: മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ സ്ഥലം മാറ്റം ഹൈകോടതി ഏപ്രില്‍ നാല്വരെ തടഞ്ഞു. കലക്ടറെ സ്ഥലം മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനം ചോദ്യം ചെയ്ത് മൂന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഇടക്കാല ഉത്തരവ്.
തെരഞ്ഞെടുപ്പല്ലാതെ മറ്റ് ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള കലക്ടറുടെ അടിയന്തര സ്ഥലം മാറ്റം ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, പെരിന്തല്‍മണ്ണ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരാണ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെടുത്തിയാണ് കലക്ടറെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്ഥലംമാറ്റിയത്. എന്നാല്‍, കലക്ടര്‍ വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുടെ നടത്തിപ്പിന്‍െറ ചുമതല വഹിച്ചുവരുകയാണെന്നും ഈ ഘട്ടത്തിലുള്ള സ്ഥലം മാറ്റം പദ്ധതിയെ ബാധിക്കുമെന്നാണ് ഹരജിയിലെ ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പരിധിയിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരമല്ല സ്ഥലം മാറ്റമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലം മാറ്റം തടഞ്ഞ കോടതി ജില്ലാ കലക്ടര്‍ ടി. ഭാസ്കരനെ ഹരജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കലക്ടറോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക്വേണ്ടി അഡ്വ. ഇ.എ മുഹമ്മദ് ഷാ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.