പയ്യോളി മനോജ് വധം: സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു


കൊച്ചി: ബി.ജെ.പി പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
കേസില്‍ നേരത്തേ അറസ്റ്റിലായ പയ്യോളി അജിത് കുമാര്‍, ചൊറിഞ്ചാല്‍ ജിതേഷ്, വടക്കയില്‍ ബിജു, പുറക്കാട് കോട്ടൂര്‍ സജിത്ത്, ചക്കിലേരി നിസാം, വള്ളുപറമ്പത്ത് സനോജ്, വടകര മേപ്പയില്‍ സനൂപ്, ആയനിക്കാട് നിധീഷ്, ചോറിഞ്ചയില്‍ പ്രിയേഷ്, കമ്പിവളപ്പില്‍ സുമേഷ്, കളത്തില്‍ സുനീഷ്, പുളിയോട് അഖില്‍നാഥ്, മീത്തല്‍ റംഷീദ്, പടന്നയില്‍ അഖില്‍, തോയ്ക്കൊടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയത്. നേരത്തേ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇവര്‍ക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
സംഭവത്തിന് പിന്നിലെ ഗൂഢാലോചനയാവും സി.ബി.ഐ അന്വേഷിക്കുക. 2012 ഫെബ്രുവരി 12 നാണ് ബി.എം.എസ് യൂനിറ്റ് സെക്രട്ടറി കൂടിയായ പയ്യോളി ചൊറിഞ്ചയില്‍ മനോജ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടര്‍ എ.എന്‍. സല്ളേലിന്‍െറ നേതൃത്വത്തിലെ സംഘമാവും കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ കൊലപാതകം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന് തുടക്കം കുറിച്ച സി.ബി.ഐ സംഘം അടുത്ത ദിവസംതന്നെ കൂടുതല്‍ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് തിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.