ഭൂമി കൈയേറ്റക്കേസ്: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈകോടതി


കൊച്ചി: ജോയ്സ് ജോര്‍ജ് എം. പിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസിന്‍െറ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈകോടതി. അന്വേഷണത്തിന്‍െറ നിലവിലെ അവസ്ഥയും വിശദാംശങ്ങളും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
സ്ഥലം എം.പിക്ക് കൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസിലെ നിലവിലെ അന്വേഷണം കാര്യക്ഷമമല്ളെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സമൂഹത്തില്‍ ഏറെ ദുര്‍ബലരായ ആദിവാസികളെ ചതിച്ചും വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് കേസിനിടയാക്കപ്പെട്ട ഭൂമി തട്ടിയെടുത്തതെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് നിരീക്ഷിച്ച സിംഗിള്‍ബെഞ്ച്  ഫലപ്രദമായ അന്വേഷണം നിര്‍ബന്ധമായും കേസില്‍ നടത്തണമെന്ന് 2015 ഡിസംബര്‍ നാലിന്  ഉത്തരവിട്ടിരുന്നു.  മൂന്നാര്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോകണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാമാസവും നല്‍കണം, അന്വേഷണത്തിന് ഇടുക്കി എസ്. പി മേല്‍നോട്ടം വഹിക്കണം തുടങ്ങിയ ഉത്തരവുകളും സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, ഇതിനെതിരെ ജോയ്സിന്‍െറ സഹോദരന്‍ ജോര്‍ജി ജോര്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ബെഞ്ച് ഈ  ഉത്തരവും നിരീക്ഷണങ്ങളും റദ്ദാക്കുകയും ഹരജി വീണ്ടും സിംഗ്ള്‍ബെഞ്ചിന്‍െറ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു.
മുന്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലുള്ള നിലവിലെ അന്വേഷണം ഡിവിഷന്‍ബെഞ്ച് നിര്‍ത്തിവെക്കുകയോ തടയുകയോ ചെയ്തിട്ടില്ളെന്ന് കേസ് വീണ്ടും പരിഗണിച്ച സിംഗ്ള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം തുടരട്ടേയെന്ന ഉത്തരവാണ് ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്‍ മൂന്‍ ഉത്തരവിലേത് പോലെ ഫലപ്രദമായ അന്വേഷണം നടക്കണമെന്നും ഇതിന് ജില്ലാ പൊലീസ് മേധാവിയുടെ കര്‍ക്കശമായ മേല്‍നോട്ടമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.