തിരുവനന്തപുരം: താളംതെറ്റിയ അലോട്ട്മെന്‍റും വിദ്യാര്‍ഥി പ്രവേശവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ ലഭിക്കേണ്ട എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാക്കി. പ്രവേശപരീക്ഷയില്‍ താരതമ്യേന ഉയര്‍ന്ന റാങ്കുണ്ടായിട്ടും ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ് കോഴ്സുകളില്‍ പ്രവേശം നേടേണ്ടിവന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്.
മെഡിക്കല്‍ കോളജുകളിലേക്ക് അലോട്ട്മെന്‍റ് ഒരേസമയം നടത്താത്തതാണ് മെറിറ്റ് അട്ടിമറിച്ച പ്രവേശ നടപടികള്‍ക്ക് വഴിവെച്ചത്. ആദ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് നടന്ന സര്‍ക്കാര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശം ലഭിക്കാതിരുന്ന വിദ്യാര്‍ഥികള്‍ പിന്നീട് ബി.ഡി.എസ് ഉള്‍പ്പെടെ കോഴ്സുകളിലേക്ക് അലോട്ട്മെന്‍റ് നടന്നപ്പോള്‍ ഓപ്ഷനുകള്‍ ക്രമീകരിച്ചുനല്‍കി. ഇവര്‍ക്ക് ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളില്‍ പ്രവേശം ലഭിച്ചു. കൂടുതല്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശത്തിന് കോടതിവിധി വഴിയും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി വഴിയും അവസരം തെളിഞ്ഞപ്പോള്‍ ബി.ഡി.എസ് ഉള്‍പ്പെടെ കോഴ്സുകളില്‍ പ്രവേശം നേടിയവര്‍ക്ക് ഓപ്ഷനും അലോട്ട്മെന്‍റിനും അവസരം നല്‍കിയതുമില്ല. ഇവരുടെ ഹയര്‍ ഓപ്ഷനുകള്‍ ഏകപക്ഷീയമായി പ്രവേശ പരീക്ഷാ കമീഷണര്‍ റദ്ദാക്കുകയായിരുന്നു. പ്രവേശം നേടിയ കോളജുകള്‍ ഉപേക്ഷിക്കുന്നവര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. സ്വാശ്രയ കോളജുകളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ എം.ബി.ബി.എസ് പ്രവേശ സാധ്യത തടഞ്ഞത്. റാങ്കില്‍ ഇവര്‍ക്ക് പിറകിലെ വിദ്യാര്‍ഥികള്‍ പിന്നീട് അലോട്ട്മെന്‍റ് നടന്ന മെഡിക്കല്‍ കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കുകയും എം.ബി.ബി.എസ് പ്രവേശം നേടുകയും ചെയ്തു. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ അനീതിക്കെതിരെ ഹൈകോടതിയെയും ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെയും സമീപിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി സമയബന്ധിതമായി കരാര്‍ ഒപ്പുവെക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതാണ് മെഡിക്കല്‍ പ്രവേശം താളംതെറ്റാന്‍ പ്രധാനകാരണം. കരാറില്‍ ഏര്‍പ്പെടാത്ത കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചതെല്ലാം കടലാസിലൊതുങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സ്വാശ്രയ കോളജുകള്‍ ന്യൂനപക്ഷ പദവി ആനുകൂല്യത്തില്‍ സ്വന്തം നിലക്ക് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി മെറിറ്റ് അട്ടിമറിച്ച് വിദ്യാര്‍ഥി പ്രവേശം നടത്തിയപ്പോള്‍ സര്‍ക്കാര്‍ അനങ്ങിയതുമില്ല. മാധ്യമങ്ങളില്‍ വന്നതോടെയാണ് യോഗം വിളിച്ചത്. അപ്പോഴേക്കും ആറ് സ്വാശ്രയ കോളജുകളില്‍ പ്രവേശനടപടികള്‍ അവസാനഘട്ടത്തിലത്തെിയിരുന്നു. പരിമിതികള്‍ക്കിടയിലും ഇടപെടാന്‍ ശ്രമിച്ചത് ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയായിരുന്നു. മെഡിക്കല്‍ പ്രവേശം അവസാനിപ്പിക്കേണ്ട സെപ്റ്റംബര്‍ 30ന് തലേദിവസം പോലും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് ആദ്യഅലോട്ട്മെന്‍റ് നടത്തുന്ന ദുരവസ്ഥയും ഇക്കുറിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.