കാസര്‍കോട് ചെറുവത്തൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച

ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരിലെ വിജയാ ബാങ്ക് ശാഖയില്‍ വന്‍കവര്‍ച്ച. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബാങ്കിന്‍െറ കോണ്‍ക്രീറ്റ് സ്ളാബ് തുരന്ന് സ്ട്രോങ് റൂമിനകത്ത് കടന്നാണ് പുലര്‍ച്ചെ മോഷണം നടത്തിയത്.

കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിന്‍െറ കോണ്‍ക്രീറ്റ് സ്ളാബ് തുരന്നാണ് സ്ട്രോങ് റൂമില്‍ മോഷ്ടാക്കള്‍ കയറിയത്. ചെരിപ്പുകട തുടങ്ങാന്‍ മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ വാടകക്ക് എടുത്തതാണ് ഗ്രൗണ്ട് ഫ്ളോറിലെ മുറി.

നാലു കോടി രൂപയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ലോക്കറിനുള്ളിലെ ഷെല്‍ഫിനകത്ത് സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. രാവിലെ ജീവനക്കാര്‍ ബാങ്ക് തുറക്കാനത്തെിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കും.

അതേസമയം, ബാങ്കില്‍ വന്‍സുരക്ഷാ വീഴ്ച ഉണ്ടായതായി കാസര്‍കോട് എസ്.പി. പറഞ്ഞു. ബാങ്കിന് താഴെനിലയില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തി വരുന്നതെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് ചേലാമ്പ്രയില്‍ 2008ല്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്ന അതേ രീതിയിലാണ് ചെറുവത്തൂരിലെ ബാങ്ക് കവര്‍ച്ച.  കാസര്‍കോട് ഈ മാസം നടന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. സെപ്റ്റംബര്‍ ഏഴിന് കുഡ് ലു ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.