തിരുവനന്തപുരം: ഒമ്പത് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശ നടപടികള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത് പ്രവേശ, ഫീസ് നിര്‍ണയ മേല്‍നോട്ട ചുമതലയുളള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഴുവന്‍ കോളജുകളുടെയും പ്രവേശ നടപടികളില്‍ സൂക്ഷ്മ പരിശോധന ആവശ്യമെന്ന് കണ്ടാണ് വെള്ളിയാഴ്ച യോഗം ചേര്‍ന്ന കമ്മിറ്റി തീരുമാനം നീട്ടിയത്. കമ്മിറ്റി നോട്ടീസ് അയച്ചെങ്കിലും നാല് കോളജുകള്‍ പ്രവേശ രേഖകള്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. കോഴിക്കോട് മുക്കം കെ.എം.സി.ടി, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ, തിരുവനന്തപുരം എസ്.യു.ടി എന്നിവയാണിവ. ഇതില്‍ എസ്.യു.ടി ഒഴികെയുള്ളവ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചാണ് രേഖകള്‍ ഹാജരാക്കാത്തതെന്നാണ് സൂചന. നേരത്തേ ജെയിംസ് കമ്മിറ്റി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ പ്രവേശ രേഖകള്‍ പരിശോധിക്കുകയും 61 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശം റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നടപടി ഹൈകോടതിയുടെ പരിഗണനയിലാണ്. വിദ്യാര്‍ഥി പ്രവേശത്തിന് ഹൈകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനടപടികള്‍ ആരംഭിക്കുന്നതിന് ജെയിംസ് കമ്മിറ്റി അനുമതി നല്‍കിയില്ല. കമ്മിറ്റി മുമ്പാകെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണിത്. അതേസമയം, വിദ്യാര്‍ഥി പ്രവേശത്തിന് സര്‍ക്കാറുമായി കരാര്‍ ഒപ്പുവെച്ച തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലെ പ്രവേശസമയക്രമത്തിന് കമ്മിറ്റി അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.