സമരം ഒത്തു തീര്‍ന്നതിലുള്ള നിരാശയുടെ ഫലമാണ് മേയറുടെ പ്രസ്താവന -പി. രാജീവ്

കൊച്ചി: സര്‍ക്കാര്‍ ഇടപെട്ട് സമരം ഒത്തുതീര്‍ന്നതിലുള്ള നിരാശയുടെ ഫലമാണ് കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ പ്രതികരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്. സമരത്തിന്‍െറ എല്ലാ ഘട്ടത്തിലും മേയര്‍ അദ്ദേഹത്തിന്‍െറ സ്ഥാനത്തിന് ചേരുന്ന നടപടിയല്ല സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചു. കോടതിയില്‍ കേസുള്ളതിനാലാണ് പ്രഖ്യാപനം നടത്താതിരുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമാണ്. ഇപ്പോഴത്തെ യാത്ര സൗകര്യം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ജല ഗതാഗത ഡയറക്ടറേയും ചുമതലപ്പെടുത്തി. ഇക്കാര്യങ്ങളാണ് എല്‍.ഡി.എഫ് സമരത്തിലൂടെ ആവശ്യപ്പെട്ടതെന്നും രാജീവ് പറഞ്ഞു.

 വനിത കൗണ്‍സിലര്‍മാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നടത്താന്‍പോലും അനുവദിക്കാതെ ഗേറ്റുകള്‍ പൂട്ടിയിട്ടതും ബലം പ്രയോഗിച്ച് കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ ഹാളില്‍ നിന്ന് അറസ്റ്റ് ചെയിപ്പിച്ചതും മേയറുടെ നിര്‍ദേശപ്രകാരമായിരുന്നു. കൗണ്‍സില്‍ ഏകകണ്ഠമായി ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രമേയം പാസാക്കിയശേഷവും അതിനെതിരെ പുറത്ത് അഭിപ്രായം പറഞ്ഞ മേയര്‍ അവകാശലംഘനമാണ് നടത്തിയത്. വഹിക്കുന്ന സ്ഥാനത്തിന് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന നിലപാട് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാരം സമരം പ്രാകൃത സമരമാണെന്ന് എങ്ങനെ പറയാനാകും. ഗാന്ധിജിയുടെ സമര മാര്‍ഗം നിരാഹാരമായിരുന്നു. എല്‍.ഡി.എഫ് ഒരു ഘട്ടത്തില്‍പോലും സാമാധാനത്തിന്‍െറ അതിര് ലംഘിച്ചിരുന്നില്ല. പ്രശ്നങ്ങളുണ്ടാക്കണമെന്ന് മേയര്‍ ആഗ്രഹിച്ചുകാണും. എന്നാല്‍, സംഘര്‍ഷ സാഹചര്യം പോലും എല്‍.ഡി.എഫ് നേതൃത്വം പക്വതയോടെ ഇടപെട്ടതുകൊണ്ട് ഇല്ലാതായി. പാര്‍ട്ടി മുന്നണി ഒറ്റക്കെട്ടായാണ് ഓരോ കാര്യത്തിലും തീരുമാനമെടുത്തത്. അതില്‍ വ്യക്തിപരമായ അഭിപ്രായങ്ങളില്ലായിരുന്നെന്നും രാജീവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.