കരിങ്കല്‍ ക്വാറി സമരം തുടരും

അങ്കമാലി: കരിങ്കല്‍ ക്വാറി സമരം തുടരാന്‍ നെടുമ്പാശ്ശേരി എയര്‍ലിങ് കാസ്റ്റില്‍ ചേര്‍ന്ന ഓള്‍കേരള ക്രഷര്‍ ആന്‍ഡ് ക്വാറി കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. നിയമത്തില്‍ ഇളവ് വരുത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിലെ അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടരാന്‍ തീരുമാനിച്ചതെന്ന് കരിങ്കല്‍ ക്വാറി മേഖലയിലെ അഞ്ച് സംഘടനകളുടെ ഏകോപന സമിതിയുടെ ചെയര്‍മാന്‍ അലി മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ ക്വാറികള്‍ വാടകക്ക് എടുക്കുമ്പോള്‍ ഈസിയും, മൈന്‍ പ്ളാനും മാത്രമേ നിഷ്കര്‍ഷിച്ചിട്ടുള്ളൂ. എന്നാല്‍, ഈസിയും, മെയിന്‍ പ്ളാനും, അംഗീകാരവും ഇല്ലാതെ 2012ന് മുമ്പേ  പ്രവര്‍ത്തിക്കുന്ന പെര്‍മിറ്റ് ക്വാറികളെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാണ് ഈമാസം 14 മുതല്‍ സമരം ആരംഭിച്ചതെന്ന് അലി മൊയ്തീന്‍ പറഞ്ഞു. ഒരു ഹെക്ടറില്‍ താഴെയുള്ള ക്വാറികളാണ് കേരളത്തില്‍ കൂടുതലായുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം  ക്വാറികള്‍ക്ക് മൈന്‍ പ്ളാന്‍ വ്യവസ്ഥയോട് കൂടിയും ഇ.സി എടുത്തും നടത്തിക്കൊണ്ടുപോകുക പ്രായോഗികമല്ളെന്ന് കോഓഡിനേഷന്‍ കമ്മിറ്റി വിലയിരുത്തി.
 ചൊവ്വാഴ്ച ക്ളിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് നിയമത്തില്‍ ഇളവ് വരുത്താമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച നെടുമ്പാശ്ശേരിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
അഞ്ച് സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമാണ് സംസ്ഥാന കോഓഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന് സമരം തുടരാന്‍ തീരുമാനിച്ചതെന്നും അലി മൊയ്തീന്‍ പറഞ്ഞു. തിങ്കളാഴ് മുതല്‍ ടിപ്പര്‍ ലോറികളും സമരം ആരംഭിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും, ബന്ധപ്പെട്ട മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ക്വാറി, ക്രഷര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകളൊന്നുപോലും പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിന്‍െറ വിവിധ മേഖലകളില്‍ നിന്നത്തെിയ ക്രഷര്‍, ക്വാറി ഉടമകളുടെ ജനറല്‍ ബോഡി യോഗത്തിലും അലിമൊയ്തീന്‍  തീരുമാനങ്ങള്‍ അറിയിച്ചു. വിവിധ യൂനിയന്‍ പ്രതിനിധികളായ കണ്‍വീനര്‍ വെള്ളഴികം പ്രസാദ്, യു.സൈദ്, കതിരൂര്‍ മധു, എം.എ.അലി, ജോര്‍ജ് വയനാട്, ഡേവീസ് പാത്താടന്‍, എം.എ. മത്തായി, വര്‍ക്കി കല്ലൂക്കാരന്‍, ഷെരീഫ് പുത്തന്‍പുര, ത്രേസ്യാമ്മ കണ്ണന്താനം തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.
ക്വാറി ഉടമകളും പിന്നാലെ ടിപ്പറുകളും സമരം ചെയ്യുന്നത്  കേരളത്തിലെ നിര്‍മാണ മേഖലയെ പൂര്‍ണമായും സ്തംഭിപ്പിക്കും. ഉല്‍പന്നങ്ങള്‍ക്ക് വലിയ തോതില്‍ വില വര്‍ധിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.